വചനിപ്പ് പെരുന്നാള്‍ (മാര്‍ച്ച് 25)

"പ്രാര്‍ത്ഥിപ്പാന്‍ ദൈവത്തിന് മുന്പില്
മറിയാം നിന്നീടും നേരത്തഗ്നിജ്വാലാവൃതനാം
ദൂതന് സവിധെ ചെന്നുര ചെയ്തേവം
രാജ തനൂജന്‍ മേവുമതാം
മണി മന്ദിരമേ ശ്ലോമോ തേ
നിന്നിലമര്ന്നീടും ധനവാന് ക്ഷാമം ജനതയ്ക്കാറ്റിടുവാന്-നിന്നഗതിത്വം മായിച്ചാന്‍ "
ഇന്ന് ദൈവ മാതാവിന്റെ വചനിപ്പ് പെരുന്നാള്‍. ഇതാ ഞാന്‍ കര്‍ത്താവിന്റെ ദാസി നിന്റെ വാക്ക് പോലെ എനിക്ക് ഭവിക്കട്ടെ എന്ന് പറഞ്ഞു ദൈവ ഹിതത്തിന് പൂര്‍ണ്ണമായും സമര്‍പ്പിച്ച പരിശുദ്ധ മാതാവിനോട് ദൈവദൂതന് ആയ ഗബ്രിയേല്‍ ദൂതറിയിച്ചതിന്റെ സ്മരണ പുതുക്കുന്ന ദിവസം. "കൃപ ലഭിച്ചവളെ നിനക്ക് വന്ദനം" ഇങ്ങനെ ആയിരുന്നു ഗബ്രിയേല്‍ ദൂതന് മാതാവിനെ അഭിസംബോധന ചെയ്തത്. ദൈവത്തിന്റെ കൃപ അനര്‍ഗ്ഗളമായി ലഭിച്ചാ ഭാഗ്യവതി ആയിരുന്നു ദൈവ മാതാവ്. അപ്പോഴും തന്നത്താന്‍ താഴ്ത്തി ഇതാ ഞാന്‍ കര്‍ത്താവിന്റെ ദാസി നിന്റെ വാക്ക് പോലെ എനിക്ക് ഭവിക്കട്ടെ എന്ന് പറഞ്ഞു ആ മാതൃസ്ഥാനം ഏറ്റു വാങ്ങുകയാണ് ഉണ്ടായത്.ദൈവം മനുഷ്യനായി ഭൂമിയില്‍ അവതരിച്ചപ്പോള്‍ അവനെ ഉദരത്തില്‍ വഹിക്കുവാനും നൊന്തുപ്രസവിക്കുവാനുമുള്ള ഭാഗ്യം ലഭിച്ചത് മറിയത്തിനാണ്. സ്ത്രീകളില്‍ മറ്റാര്‍ക്കും കിട്ടാത്ത മഹനീയ ഭാഗ്യം.
പ്രാര്‍ത്ഥന:
കാരുണ്യ വതിയായ അമ്മേ, നന്മ നിറഞ്ഞവളെ, ഞങ്ങളുടെ ബലഹീനതകളും കുറ്റങ്ങളും പ്രതിസന്ധികളും പരിഹരിക്കുവാന്‍ നിന്റെ മകനോട് അപേക്ഷിക്കേണമേ. കാനായിലെ കല്യാണത്തിനു ആ കുടുംബത്തിന്റെ സഹായത്തിനു എത്തിയ പോലെ ഞങ്ങളുടെ കുടുംബങ്ങളുടെയും സംരകഷകയും നാഥയും ആയി അതിലൂടെ തിരുനാമത്തെ മഹത്ത്വപ്പെടുത്താനും ഞങ്ങളെ യോഗ്യരാക്കേണമേ. ഞങ്ങള്‍ പ്രത്യാശയോട് കൂടി അവിടുത്തെ മധ്യസ്ഥതയില്‍ അഭയം പ്രാപിക്കുന്നു. കൃപയോടെ കേള്‍ക്കേണമേ. ആമേന്‍