Secondary menu

പരുമല പെരുന്നാള്‍; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഭാരതീയ ക്രൈസ്തവ സഭകളിലെ ഭാരതീയനായ പ്രഥമ പരിശുദ്ധനും മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പ്രഖ്യാപിത പരിശുദ്ധനുമായ പരുമല തിരുമേനിയുടെ 110-ാം ഓര്‍മ്മപ്പെരുന്നാള്‍ 2012 ഒക്ടോബര്‍ 26 മുതല്‍ നവംബര്‍ 2 വരെ ആഘോഷിക്കും.

പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ മുഖ്യകാര്‍മികത്വത്തിലും നിരണം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റമോസ് മെത്രാപ്പോലീത്തയുടെ സഹകാര്‍മികത്വത്തിലും ഒക്ടോബര്‍ 26ന് വെള്ളിയാഴ്ച 2 മണിക്ക് പെരുന്നാള്‍ കൊടിയേറ്റ് നടത്തും. നിരണം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റമോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ അന്നേ ദിവസം 3 മണിക്ക് ചേരുന്ന തീര്‍ത്ഥാടന വാരാഘോഷ പൊതുസമ്മേളനം പരിശുദ്ധ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും.
ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 26-ാം തീയതി 5.00 മണിക്ക് ആരംഭിക്കുന്ന 144 മണിക്കൂര്‍ അഖണ്ഡ പ്രാര്‍ത്ഥന നവംബര്‍ 1-ാം തീയതി 5.00 മണി വരെ നീണ്ടു നില്‍ക്കും. അഖണ്ഡ പ്രാര്‍ത്ഥനയുടെ സമാരംഭം ഭദ്രദീപം കൊളുത്തി യുവജന പ്രസ്ഥാനം പ്രസിഡന്റ് അഭിവന്ദ്യ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്താ നിര്‍വഹിക്കും.
കാതോലിക്കേറ്റ് ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് 20ന് തിരുവിതാംകോട് പള്ളിയില്‍ നിന്നാരംഭിക്കുന്ന സന്ദേശയാത്ര 28ന് നിരണം പള്ളിയില്‍ അവസാനിച്ച് വൈകിട്ട് 4ന് പരുമലയില്‍ എത്തിച്ചേരുന്നതുമാണ്.
തീര്‍ത്ഥാടന വാരത്തിന്റെ എല്ലാ ദിവസങ്ങളിലും ധ്യാനവും മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും പ.പരുമല തിരുമേനിയെ കുറിച്ചുള്ള പ്രഭാഷണ പരമ്പരയും നടത്തുന്നതാണ്.  പ.ബസേലിയോസ് മാര്‍ത്തോമ്മ ദിദിമോസ് പ്രഥമന്‍ വലിയ ബാവ തിരുമേനിയുടെ 92-ാം ജന്മദിനം ഒക്ടോബര്‍ 29 തിങ്കളാഴ്ച നിര്‍ദ്ധനരായ പെണ്‍കുട്ടികളുടെ വിവാഹം നടത്തുന്നതിന് ധന സഹായം നല്‍കി സമുചിതമായി ആഘോഷിക്കുന്നതാണ്. 
മാര്‍ത്തോമ്മ ശ്ളീഹായുടെ ശ്ളൈഹിക സിംഹാസനത്തിലെ 91-ാമത് കാതോലിക്കായും മലങ്കര മെത്രാപ്പോലിത്തായും മലങ്കര സഭയുടെ പരമാധ്യക്ഷനുമായ പ.ബസേലിയോസ് മാര്‍ത്തോമ്മ പൌലൊസ് ദ്വിതീയന്‍ ബാവ തിരുമേനിയും പ.വലിയ ബാവ തിരുമേനിയും പെരുന്നാള്‍ ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിക്കുന്നതാണ്. അഭിവന്ദ്യരായ പിതാക്കന്മാര്‍ പെരുന്നാളില്‍ വന്ന് സംബന്ധിച്ച് ആശീര്‍വദിക്കും.
കേരളത്തിലെ വിവിധ ഭദ്രാസനങ്ങളില്‍ നിന്നും ഇടവകയില്‍ നിന്നും ബാഹ്യ കേരളത്തില്‍ നിന്നും പദയാത്രികരായി എത്തിച്ചേരുന്ന തീര്‍ത്ഥാടക സംഘങ്ങളെ ഒക്ടോബര്‍ 31ന് രാവിലെ 9.30-ന് കബറിങ്കലേക്ക് സ്വീകരിച്ച് ആനയിക്കും. 
ഒന്നിന് വൈകിട്ട് 5.45ന് പരിശുദ്ധ വലിയ ബാവയെയും പരിശുദ്ധ കാതോലിക്ക ബാവായെയും അഭിവന്ദ്യ മെത്രാപ്പോലീത്തമാരെയും പള്ളി മേടയില്‍ നിന്നും പെരുന്നാള്‍ സന്ധ്യാനമസ്കാരത്തിനായി പള്ളിയിലേക്ക് ആനയിക്കും. തുടര്‍ന്ന് പെരുന്നാള്‍ സന്ധ്യാനമസ്കാരം, കബറിങ്കല്‍ ധൂപപ്രാര്‍ത്ഥന. എട്ടിന് ഭക്തിനിര്‍ഭരമായ റാസ, ആശീര്‍വാദം, വാഴ്വ്, സംഗീതാര്‍ച്ചന എന്നിവ നടക്കും.
അവസാന ദിവസമായ നവംബര്‍ രണ്ടിന് രാവിലെ 8.30ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്ക ബാവയുടെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന നടക്കും. 12ന് മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് വിദ്യാര്‍ത്ഥി പ്രസ്ഥാനം സംഗമം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്യും. അഭിവന്ദ്യ ഡോ.ഗീവറുഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. അക്കൌണ്ടന്റ് ജനറല്‍ ഓഫ് കേരള ഡോ.ബിജു ജേക്കബ് ആലയ്ക്കപറമ്പില്‍ മുഖ്യപ്രഭാഷണം നടത്തും. രണ്ടിന് ഭക്തിനിര്‍ഭരമായ റാസ, ധൂപപ്രാര്‍ത്ഥന, ആശീര്‍വാദം എന്നിവ നടക്കും.

Copyright St.Stephens Orthodox Christian Youth Movement 2011-2016