Secondary menu

ഓര്‍ത്തഡോക്സ് സഭ: ഭാരതത്തിന്റെ ക്രൈസ്തവ സാക്ഷ്യം

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ മലങ്കരയുടെ നാലതിരുകള്‍പ്പുറത്തേക്കു വളര്‍ന്ന് ആഗോള സഭയായി മാറിയിട്ട് കാലമേറെയായി. പൂര്‍ണമായും ഭാരതീയ പൈതൃകത്തില്‍ അഭിമാനം കൊള്ളുന്ന ദേശീയ സഭയാണിത്. വിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹാ മലങ്കരയില്‍ സ്ഥാപിച്ചതിനാല്‍ മലങ്കര ഓര്‍ത്തഡോക്സ് സഭ എന്ന പേര് നിലനിര്‍ത്തുന്നു. ദേശീയത ജീവരക്തമായി കരുതുന്ന സഭയെ സംബന്ധിച്ച് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭ എന്ന പേര് അന്വര്‍ഥമാണ്. മലങ്കരയില്‍ കാതോലിക്കേറ്റ് സ്ഥാപിച്ചതിന്റെ ശതാബ്ദി ആഘോഷിക്കുന്ന വേളയില്‍ സഭയെ കൂടുതല്‍ മണ്ണിന്റെ മണമുള്ളതാക്കാനാണ് സഭയുടെ പ്രധാന മേലധ്യക്ഷനായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ ആഗ്രഹം. കാതോലിക്കേറ്റ് ശതാബ്ദിയുടെ തിരക്കുകളില്‍ മുഴുകി നില്‍ക്കുമ്പോള്‍ അതിനു നടുനായകത്വം വഹിക്കുന്ന കാതോലിക്കാ ബാവാ ഒരാഴ്ചമുമ്പ് ഇൌജിപ്തിന്റെ തലസ്ഥാനമായ കയ്റോയിലായിരുന്നു. പുതിയ കോപ്റ്റിക് പോപ്പിന്റെ സ്ഥാനാരോഹണച്ചടങ്ങില്‍ മലങ്കര സഭയില്‍നിന്നുള്ള സംഘത്തെ നയിച്ചുകൊണ്ട് ആഗോള ഒാര്‍ത്തഡോക്സ് ഐക്യം അരക്കിട്ടുറപ്പിക്കാനാണ് അദ്ദേഹം അവിടെ എത്തിയത്. മലങ്കര ഒാര്‍ത്തഡോക്സ് സുറിയാനി സഭയുടെ 1960-ാം വാര്‍ഷികവും കാതോലിക്കേറ്റ് മലങ്കരയില്‍ സ്ഥാപിച്ചതിന്റെ ശതാബ്ദിയും ആഘോഷിക്കുമ്പോള്‍ സഭയുടെ കടിഞ്ഞാണ്‍ പിടിക്കുന്ന പൌലോസ് ദ്വിതീയന്‍ ബാവായുടെ ഒരുപിടി പ്രത്യേകതകളുണ്ട്. 66 വയസ്സില്‍ ചെറുപ്പത്തിന്റെ പ്രസരിപ്പോടെ ലോകം മുഴുവന്‍ ഓടി നടക്കുന്ന അദ്ദേഹത്തിന് സഭയെപ്പറ്റിയും അതിന്റെ വളര്‍ച്ചയെപ്പറ്റിയും വ്യക്തമായ കാഴ്ച്ചപ്പാടും ജനത്തെ ഏതുവഴി നയിക്കണമെന്ന ദിശബോധവുമുണ്ട്.

കാതോലിക്കേറ്റ് മലങ്കരയില്‍ സ്ഥാപിക്കാന്‍ എന്താണ് കാരണം?  അതിന്റെ ചരിത്ര പശ്ചാത്തലമെന്ത്?

വിദേശാധിപത്യത്തിനെതിരെയുള്ള ചെറുത്തുനില്‍പ്പിന്റെ വിജയമായിരുന്നു കാതോലിക്കേറ്റ് സ്ഥാപനം. കാലാകാലങ്ങളിലുണ്ടായ വൈദേശികാധിപത്യത്തില്‍നിന്ന് മലങ്കര സഭയെ നിത്യമായി മോചിപ്പിച്ചെടുക്കുകയായിരുന്നു കാതോലിക്കേറ്റ് സ്ഥാപനത്തോടെ സാധിച്ചത്. ഇവിടുത്തെ സഭയുടെ സ്വയം ശീര്‍ഷകത്വത്തിന്റെ ആവശ്യം കണ്ടറിഞ്ഞ് ?പരിശുദ്ധ അബ്ദുല്‍ മശിഹാ പാത്രിയര്‍ക്കീസ് 1912ല്‍ നിരണം പള്ളിയില്‍ വച്ച് മലങ്കരയെ സ്വതന്ത്ര കാതോലിക്കേറ്റായി പ്രഖ്യാപിക്കുകയും മുറിമറ്റത്തില്‍ പൌലോസ് മാര്‍ ഇവാനിയോസിനെ മലങ്കരയിലെ ആദ്യ കാതോലിക്കയായി വാഴിക്കുകയുമായിരുന്നു. വട്ടശേരില്‍ ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസാണ് ഇതിനു ചുക്കാന്‍ പിടിച്ചത്.

കാതോലിക്കേറ്റ് സ്ഥാപിച്ചതിലൂടെ മലങ്കര സഭയ്ക്കുണ്ടായ നേട്ടം?

സഭ സ്വതന്ത്രമായി എന്നതാണ് ഏറ്റവും വലിയ ഗുണഫലം. മെത്രാന്‍മാരെ സ്വയം തിരഞ്ഞെടുത്ത് വാഴിക്കാനും വിശുദ്ധ മൂറോന്‍ കൂദാശ ചെയ്യാനും കാതോലിക്കായ്ക്ക് അധികാരമുണ്ട്. സഭയ്ക്ക് സ്വാതന്ത്യ്രവും പരമാധികാരവും നേരത്തെ ഉണ്ടായിരുന്നതാണ്. ഇടക്കാലത്തുണ്ടായ വിദേശ ഇടപെടലാണ് സ്വാതന്ത്യ്രം നഷ്ടപ്പെടുത്തിയത്. ഒരു സഭയും മറ്റൊരു സഭയുടെ കീഴിലല്ല. 1665ല്‍ മലങ്കര സഭയില്‍ മേല്‍പ്പട്ട സ്ഥാനി ഇല്ലാതെ വന്നപ്പോള്‍ സിറിയന്‍ ഓര്‍ത്തഡോക്സ് സഭയാണ് മെത്രാനെ വാഴിച്ചത്. എന്നാല്‍ അത് അധികാരങ്ങള്‍ നഷ്ടപ്പെടുത്തിക്കൊണ്ടായിരുന്നില്ല. പരസ്പരമുള്ള സഹകരണം മാത്രമായിരുന്നു. ഇവിടെ പള്ളികള്‍ പണിയാനും വിശ്വാസം അഭംഗുരം കാത്തു സൂക്ഷിക്കാനും സഹായിച്ചത് ഇവിടുത്തെ രാജാക്കന്മാരായിരുന്നു. അക്കാലത്ത് അമ്പലങ്ങള്‍ പോലും ആരാധനയ്ക്കു വിട്ടുതന്ന അനുഭവമുണ്ട്. കൊച്ചി രാജാവിന്റെ സഹായത്താല്‍ കുന്നംകുളത്തുള്ള ഒരു പള്ളി അത്തരത്തില്‍ പണിതതാണ്.

ആഘോഷ പരിപാടികളല്ലാതെ ഇതുമായി ബന്ധപ്പെട്ട് ജീവകാരുണ്യ പദ്ധതികളെന്തെങ്കിലും?

ക്രൈസ്തവ സഭയുടെ അടിസ്ഥാന ദൌത്യം തന്നെ സാമൂഹിക സേവനമാണ്. ഇത്തരം ഉത്തരവാദിത്തങ്ങളില്‍ കാലോചിതമായ പരിഷ്ക്കാരങ്ങള്‍ സഭ വരുത്താറുണ്ട്. ആത്മീയമായ ഉന്നതി നേടുക എന്നത് ജീവകാരുണ്യപ്രവര്‍ത്തനത്തിലൂടെയും രോഗികളെ ശുശ്രൂഷിക്കുന്നതിലൂടെയുമാണ്. വര്‍ഷങ്ങളായി സഭ കോടിക്കണക്കിനു രൂപയുടെ ഇത്തരം പദ്ധതികള്‍ കേന്ദ്രതലത്തിലും ഭദ്രാസന തലത്തിലും ഇടവകതലത്തിലും നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. കാതോലിക്കേറ്റ് ശതാബ്ദിയുടെ പ്രത്യേക പദ്ധതിയാണ് പരുമല കാന്‍സര്‍ സെന്റര്‍. പാവപ്പെട്ടവരും സാധാരണക്കാരുമായ രോഗികള്‍ക്ക് കുറഞ്ഞ ചെലവില്‍ മികച്ച ചികില്‍സ ലഭ്യമാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ജീവകാരുണ്യത്തിനും സാമൂഹിക സേവനത്തിനുമായി ഒരു മെത്രാപ്പൊലീത്തായുടെ നേതൃത്വത്തില്‍ മിഷന്‍ ബോര്‍ഡ് പ്രവര്‍ത്തിക്കുന്നുണ്ട്. ഭാരതത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. സമൂഹത്തിലെ അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും വേണ്ടി പദ്ധതികള്‍ പലതും ആവിഷ്ക്കരിച്ചു നടപ്പാക്കാറുമുണ്ട്.

ഇതരസഭകള്‍ സുവിശേഷവല്‍ക്കരണത്തിന് പ്രാധാന്യം കൊടുക്കുമ്പോള്‍ ഒാര്‍ത്തഡോക്സ് സഭ ഇക്കാര്യത്തില്‍ പിന്നാക്കം പോകുന്നതായി തോന്നുന്നുണ്ടോ?

ഇത് ആരാധനയിലധിഷ്ഠിതമായ സഭയാണ്. ആരാധനയുടെ ഭാഗമാണ് സുവിശേഷീകരണം. സഭ എക്കാലവും ആരാധനയുടെ ഭാഗമായി സുവിശേഷീകരണം നടത്തുണ്ട്. ആരാധന സുവിശേഷ സംപൂര്‍ണമാണ്.

മറ്റ് ഒാര്‍ത്തഡോക്സ് സഭകളുമായുള്ള ബന്ധം?

കോപ്റ്റിക് സഭയുടെ പോപ്പിനെ വാഴിക്കുന്നതിന് അങ്ങയുടെ നേതൃത്വത്തില്‍ ഒരു സംഘം പോയിരുന്നു. ഇതര സഭകളുമായുള്ള ബന്ധം ദൃഢമാണ്. അതിനായി എക്യുമെനിക്കല്‍ റിലേഷന്‍സ് വിഭാഗമുണ്ട്. അവര്‍ കാലാകാലങ്ങളില്‍ മറ്റു സഭകളുമായുള്ള ബന്ധം കൈകാര്യം ചെയ്യുന്നുണ്ട്. ഇതര ഒാര്‍ത്തഡോക്സ് സഭകളുമായി ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ ഇപ്പോള്‍ത്തന്നെ വേദിയുണ്ട്. ഒാരോ ഒാര്‍ത്തഡോക്സ് സഭയ്ക്കും അവരുടേതായ ആചാരാനുഷ്ഠാനങ്ങളും ആരാധനാ രീതിയുമുണ്ട്. തനിമ നഷ്ടപ്പെടുത്താതെ ഒരുമിച്ചു പ്രവര്‍ത്തിക്കാനാണ് താല്‍പര്യം. രാജ്യാന്തര തലത്തില്‍ പൊതുവായ പ്രശ്നങ്ങള്‍ വരുമ്പോള്‍ ഒരുമിച്ച് പ്രതികരിക്കാറുമുണ്ട്. മലങ്കര ഒാര്‍ത്തഡോക്സ് സുറിയാനി സഭയോട് വിശ്വാസ ഐക്യമുള്ള പൌരസ്ത്യ സഭകള്‍ അര്‍മേനിയന്‍, ഇത്യോപ്യന്‍, സിറിയന്‍, കോപ്റ്റിക്(അലക്സാന്ത്രിയന്‍),എറിട്രിയന്‍ എന്നിവയാണ്.

കക്ഷിവഴക്കും തര്‍ക്കങ്ങളും അന്തമില്ലാതെ പോകുന്നു. ഇതിനൊരു അവസാനം കാണാനാകുമോ?

എല്ലാ സഭാ മേലധ്യക്ഷന്‍മാര്‍ക്കും ഒരു ലക്ഷ്മണരേഖയുണ്ടെന്നു വിശ്വസിക്കുന്ന ആളാണ് ഞാന്‍. എല്ലാ സ്ഥാനങ്ങള്‍ക്കും ഒരു അതിര്‍ത്തിയുണ്ടെന്ന കാര്യം വിസ്മരിക്കരുത്. അതിനുള്ളില്‍നിന്നു പ്രവര്‍ത്തിച്ചാല്‍ത്തന്നെ പ്രശ്നങ്ങള്‍ ഒരു പരിധിവരെ ഒഴിവാക്കാനാവും. മലങ്കര ഓര്‍ത്തഡോക്സ് സഭയ്ക്ക് ആരോടും വിദ്വേഷമില്ല. ആരോടും ശണ്ഠ കൂടാന്‍ താല്‍പര്യവുമില്ല. സഭ സ്വതന്ത്രമാണ്. ഭരണഘടനയില്‍ അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന് ഒരു സ്ഥാനം നല്‍കിയിട്ടുണ്ടെന്നുമാത്രം. അതുകൊണ്ട് മേല്‍ക്കോയ്മയുണ്ടെന്നുള്ള വാദം തെറ്റാണ്.

എങ്കിലും എന്തെങ്കിലും ഒരു പോംവഴി കണ്ടെത്തേണ്ടതല്ലേ?

ഏകനായി ഒരു പോംവഴി നിര്‍ദ്ദേശിക്കാന്‍ ഞാനാളല്ല. അതേസമയം, പ്രാദേശികതലത്തില്‍ ഇടവകകളിലുണ്ടാക്കുന്ന ഒത്തുതീര്‍പ്പുകള്‍ക്ക് അര്‍ഹമായ പ്രാധാന്യം നല്‍കുവാന്‍ യാതൊരു വിമുഖതയുമില്ല. കാലാകാലങ്ങളായി സഭാതലത്തിലും ഇടവകതലത്തിലുമുണ്ടാക്കുന്ന ഒത്തുതീര്‍പ്പു വ്യവസ്ഥകളില്‍ ഒരുവിഭാഗം ഉറച്ചു നില്‍ക്കാത്തതാണ് പ്രശ്നങ്ങള്‍ തീരാതെ പോകുന്നതിനു കാരണം. നിരന്തരമായി കരാര്‍ ലംഘനം നടക്കുന്നതിനാല്‍ ശാശ്വതപരിഹാരം ഉണ്ടാകുമോ എന്നതില്‍ എനിക്കു സന്ദേഹമുണ്ട്. പ്രശ്നങ്ങളുണ്ടാകുമ്പോള്‍ ഒരു ഭാഗത്തെ നീതിനിഷേധം അംഗീകരിക്കുന്നത് സഭതലവനെന്ന നിലയില്‍ ഉത്തരവാദിത്തമില്ലാത്ത ഒളിച്ചോട്ടം ആണെന്നു ഞാന്‍ വിശ്വസിക്കുന്നു. സ്വന്തം ജനതയ്ക്ക് ആപത്തുവരുമ്പോള്‍ പലായനം ചെയ്യുന്നത് ശരിയല്ല. പകരം യാഥാര്‍ഥ്യങ്ങളെ നേരിട്ട് പ്രശ്നപരിഹാരമുണ്ടാക്കുകയാണ് വേണ്ടത്.

സഭയില്‍ യുവാക്കളുടെ കൂടുതല്‍ പങ്കാളിത്തത്തിന് എന്താണ് പരിപാടി?

ഉന്നത വിദ്യാഭ്യാസം നേടുന്ന യുവതലമുറ പലപ്പോഴും സഭാ പ്രവര്‍ത്തനങ്ങളില്‍നിന്ന് അകന്നു പോകുകയാണ്. അവരെ സഭയുമായി കൂടുതല്‍ അടുപ്പിക്കാനും വിശ്വാസാചാരങ്ങളില്‍ ഉറപ്പിച്ചു നിര്‍ത്താനും പദ്ധതികള്‍ ആവിഷ്ക്കരിക്കേണ്ടിയിരിക്കുന്നു. ആഗോളവല്‍ക്കരണത്തിന്റെ ഫലമായുണ്ടായ സാമൂഹിക, സാമ്പത്തിക മാറ്റവും കാലഘട്ടത്തിന്റെ മൂല്യച്യുതിയും യുവതലമുറയിലൊരു വിഭാഗത്തെ വേറൊരു ദിശയിലേക്കു കൊണ്ടുപോകുകയാണ്. അതിനു മാറ്റമുണ്ടാക്കാന്‍ അവരെ ഫോക്കസ് ചെയ്ത് പരിപാടികളാവിഷ്ക്കരിക്കും. കോപ്റ്റിക്, ഇത്യോപ്യന്‍ സഭകളിലെ യുവാക്കള്‍ താതമ്യേന കൂടുതല്‍ സഭാ പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നവരാണ്. പ്രാര്‍ഥനയ്ക്കും സഭാ പ്രവര്‍ത്തനങ്ങള്‍ക്കും അവര്‍ ഏറെ പ്രാധാന്യം നല്‍കുന്നു. മെഡിക്കല്‍, എന്‍ജിനീയറിങ് മേഖലകളില്‍ ഉന്നത പരിശീലനം നേടിയ അവരില്‍ പലരും സന്യാസത്തിലേക്കു തിരിയുന്നതു കാണാം.

പുതിയ നൂറ്റാണ്ടില്‍ സഭ നേരിടുന്ന വെല്ലുവിളി? അതിനെതിരെ എന്തു മുന്‍കരുതല്‍?

ഭൌതിക നേട്ടങ്ങള്‍ക്കു പിന്നാലെയുള്ള പരക്കംപാച്ചില്‍തന്നെയാണ് സഭ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഏതു വിധേനയും സാമ്പത്തിക ഭദ്രത നേടി ജീവിതം ഭദ്രമാക്കാനുള്ള പാച്ചിലിനിടെ ദൈവത്തെ മറക്കുന്നു, സഭയെ മറക്കുന്നു. വഴിവിട്ട മാര്‍ഗങ്ങളിലൂടെ ധനസമ്പാദനത്തിനായി ഇറങ്ങിത്തിരിക്കുന്നു. അതിനിടയില്‍ കുടുംബബന്ധങ്ങള്‍ തകരുന്നു. വിദേശരാജ്യങ്ങളിലേക്ക് കുടിയേറിയവര്‍ സത്യവിശ്വാസം നിലനിര്‍ത്താന്‍ ശ്രമിക്കുന്നതായാണനുഭവം. എങ്കിലും ചെറിയ വിഭാഗമെങ്കിലും സഭാ വിശ്വാസത്തില്‍നിന്ന് അകലുന്നതായി കാണുന്നു. വിദേശത്തും സ്വദേശത്തുമുള്ള പുതിയ തലമുറയെ വിശ്വാസ ജീവിതത്തില്‍ നിലനിര്‍ത്താന്‍ ഏറെ ?ശ്രദ്ധ നല്‍കേണ്ടതാണ്.

കരിസ്മാറ്റിക് പ്രസ്ഥാനങ്ങളോടുള്ള നിലപാട്?

കരിസ്മാറ്റിക് പ്രസ്ഥാനങ്ങളെ സഭയ്ക്കു പൂര്‍ണമായും അംഗീകരിക്കാനാവില്ല. ദൈവത്തിങ്കലേക്കുള്ള വഴി റോസാപ്പൂക്കള്‍ മാത്രം നിറഞ്ഞതല്ല. അവിടെ കഠിനതയും കഷ്ടപ്പാടുമുണ്ട്. അതിനെ ദൈവകൃപയാല്‍ സഹിച്ചു മുന്നോട്ടു പോകുകയാണ് വേണ്ടത്.

കടപ്പാട്-മനോരമ ഓണ്‍ലൈന്‍

Copyright St.Stephens Orthodox Christian Youth Movement 2011-2016