Secondary menu

അഭി.ഗീവര്‍ഗ്ഗീസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ കബറടക്കം ഇന്ന്‍

കാലം ചെയ്ത കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത  അഭി.ഗീവര്‍ഗ്ഗീസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ കബറടക്ക ശുശ്രൂഷ ഒരു മണിക്ക് ഞാലിയാകുഴി മാര്‍ ബസേലിയോസ് ദയറായില്‍ ആരംഭിക്കും. ഏറെ നാളായി വൃക്ക സംബന്ധമായ രോഗത്തിന് ചികിത്സയില്‍ ആയിരുന്ന അഭി.തിരുമേനി ഇന്നലെ രാവിലെ 7.30 നു കളത്തില്‍പടി കരിപ്പാല്‍ ആശുപത്രിയില്‍ വച്ചാണ് കാലം ചെയ്തത്.

ഓതറ കീയത്ത് ജോര്‍ജിന്റെയും അന്നമ്മയുടെയും മകനായി 1940 നവംബര്‍ 14ന് ആണ് അഭി: തിരുമേനി ജനിച്ചത്. 1963ല്‍ ശെമ്മാശനായി. 1973ല്‍ കശീശാ പട്ടം ലഭിച്ചു. തുടര്‍ന്നു കാരാപ്പുഴ ചാപ്പല്‍ വികാരിയായി. 1979ല്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ ബാവ റമ്പാനായി ഉയര്‍ത്തി. 1985ല്‍ എപ്പിസ്കോപ്പയായി പുതിയകാവ് സെന്റ് മേരീസ് പളളിയില്‍ സ്ഥാനമേറ്റു. 1985 ഓഗസ്റ്റ് ഒന്നിനു മെത്രാപ്പോലീത്തയായി. 1971 മുതല്‍ ഓര്‍ത്തഡോക്സ് തിയോളജിക്കല്‍ സെമിനാരിയില്‍ അധ്യാപകനായിരുന്നു. ഇപ്പോഴത്തെ കാതോലിക്കാ ബാവ ഉള്‍പ്പടെ നിരവധി മെത്രാന്‍മാരുടെയും വൈദികരുടെയും ഗുരുവായിരുന്നു അഭി ഗീവര്‍ഗീസ് മാര്‍ ഈവാനിയോസ് തിരുമേനി.

കൊല്ലം ഫാത്തിമമാതാ കോളജില്‍നിന്നു ബിരുദവും ഇംഗ്ളണ്ടിലെ മാന്‍സ്ഫീല്‍ഡ് കോളജില്‍നിന്നു ഹിബ്രു, സുറിയാനി ഉപരിപഠനവും ഓക്സ്ഫഡ് സര്‍വകലാശാലയില്‍നിന്നു ദൈവശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദവും നേടിയിട്ടുണ്ട്. സഭയിലെ അറിയപ്പെടുന്ന ഒരു ധ്യാനഗുരു കൂടിയായ തിരുമേനിയുടെ  നിഷ്ടയായ പ്രാര്‍ത്ഥനജീവിതം ഏറെ പ്രശസ്തം ആണ്.  ഹൃദയശുദ്ധീകരണം,  മൌനത്തിന്റെ പുണ്യം അടക്കം അനേകം ഗ്രന്ഥങ്ങളുടെ രചയിതാവുമാണ്.

 

Copyright St.Stephens Orthodox Christian Youth Movement 2011-2016