Secondary menu

കേരളത്തിലെ ക്രൈസ്തവ സഭകള്‍: (999--- ഭാഗം ഒന്ന്

കേരളത്തിലെ പ്രമുഖ ക്രൈസ്തവ സഭകളെപ്പറ്റി ഒരു ചെറുതും എന്നാല്‍ വായനക്കാര്‍ക്ക് വിജ്ഞാനദായകവുമായേക്കാവുന്ന ഒരു ചെറു പഠനത്തിനു ഞങ്ങള്‍ മുതിരുകയാണ്. ഈ പരമ്പരയില്‍ കേരളത്തിലെ എല്ലാ എപ്പിസ്കോപ്പല്‍ സഭകളുടെയും ചരിത്രം, വിശ്വാസസംഹിതകള്‍ എന്നിവ വായനക്കാര്‍ക്ക് പരിചയപ്പെടുത്താനാണു ടീം കാര്‍മല്‍ ഇവിടെ ശ്രമിക്കുന്നത്. ഇതൊരു വിമര്‍ശനാത്മകമായ  പഠനമല്ല, പ്രത്യുത, ഓരോ സഭയുടെയും ചരിത്രം അതതു സഭകളുടെ വീക്ഷണകോണില്‍ നിന്നും പരിശോധിക്കാനാണ് ഞങ്ങള്‍ മുതിരുന്നത്. ഇത് ഒരു പൂര്‍ണ്ണമായ ഒരു പഠനം ആയിക്കൊള്ളണം എന്നുമില്ല. പരിധികള്‍ക്കുള്ളില്‍ നിന്നും ഇത് പരമാവധി മികവുറ്റതാക്കാന്‍ ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ട്.

ആദ്യമായി കേരളത്തിലെ ഏറ്റവും വലിയ സുറിയാനി ക്രിസ്ത്യാനി സഭാ വിഭാഗം ആയ സീറോമലബാര്‍ സഭ കത്തോലിക്കാ സഭയുടെ തന്നെ മറ്റൊരുപൌരസ്ത്യ സഭാവിഭാഗം ആയ മലങ്കര കത്തോലിക്കാ സഭ എന്നിവയെ പറ്റി ഇവിടെ സംക്ഷിപ്തം ആയി വിശദീകരിക്കുന്നു.

സീറോ മലബാര്‍ സഭ (Syro- Malabar Church)

കത്തോലിക്കാ സഭയുടെ കീഴിലുള്ള, എന്നാല്‍ സ്വതന്ത്രാധികാരമുള്ള 23 പൌരസ്ത്യ സഭകളില്‍ ഏറ്റവും വലിയ രണ്ടാമത്തെ സഭയാണ് സീറോ മലബാര്‍ കത്തോലിക്കാ സഭ. തോമാശ്ലീഹയില്‍ നിന്നും വിശ്വാസ പൈതൃകം സ്വീകരിച്ചു എന്ന് വിശ്വസിക്കുന്ന കേരളത്തിലെ മാര്‍ത്തോമ്മാ നസ്രാണികളുടെ പൈതൃകം ആണ് സീറോമലബാര്‍ സഭയുടെയും കാതല്‍. പതിനാറാം നൂറ്റാണ്ടു വരെയുള്ള ഈ സഭയുടെ ചരിത്രത്തെപറ്റി രണ്ട് അഭിപ്രായങ്ങളുണ്ട്. ചില സഭാചരിത്രകാരന്മാര്‍ വാദിക്കുന്നത് പതിനാറാം നൂറ്റാണ്ടിനു മുന്‍പു തന്നെ ഈ സഭ കത്തോലിക്കാ സഭയുടെ കൂട്ടായ്മയിലായിരുന്നു എന്നാണ്. പക്ഷേ വാസ്തവത്തില്‍, റോമന്‍ സാമ്രാജ്യത്തിനു വെളിയിലായിരുന്നതിനാല്‍ ഈ സഭയ്ക്ക് റോമുമായി ശക്തമായ ബന്ധങ്ങള്‍ ഉണ്ടായിരുന്നില്ല എന്നു വേണം കരുതാന്‍ .  പല ചരിത്രകാരന്മാരുടെയും അഭിപ്രായത്തില്‍ 1599-ലെ ഉദയം‌പേരൂര്‍ സൂനഹദോസാണ് സീറോ മലബാര്‍ സഭയെ കത്തോലിക്കാ സഭയുമായി ഐക്യപ്പെടുത്തിയത്. മേജര്‍ ആര്‍ച്ച്‌ ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് ഈ സഭയുടെ അധ്യക്ഷന്‍ . എറണാകുളത്ത് കാക്കനാടിനടുത്ത് മൗണ്ട് സെന്‍റ് തോമസ്‌ ആണ് സീറോ മലബാര്‍ കത്തോലിക്കാ സഭയുടെ ആസ്ഥാനം. സീറോ മലബാര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ കൂരിയ എന്നാണ് ആ ആസ്ഥാനം പൊതുവെഅറിയപ്പെടുന്നത്. ഇന്ന് ഇന്ത്യയിലും മധ്യപൂര്‍വ്വദേശത്തും യൂറോപ്പിലും അമേരിക്കയിലുമായി ഈ സഭ വ്യാപിച്ചു കിടക്കുന്നു. ആകെ മുപ്പതു രൂപതകളിലായി ഏതാണ്ട് 35 ലക്ഷത്തോളം വിശ്വാസികളെ ഉള്ക്കൊള്ളുന്ന ഈ സഭാ വിഭാഗം കേരളത്തിലെ ഏറ്റവും പ്രമുഖമായ സിറിയന്‍ ക്രിസ്ത്യന്‍ വിഭാഗമാണ്. ആകെയുള്ള 30 രൂപതകളില്‍ 13 എണ്ണം മേജര്‍ ആര്‍ച്ബിഷപിനു നേരിട്ട് നിയന്ത്രണം ഉള്ളവയെന്നും ശേഷിച്ച രൂപതകളെ മാര്പ്പാപ്പയുടെനിയന്ത്രണത്തിന്‍കീഴില്‍ ഉള്ളവയെന്നും തിരിച്ചിരിക്കുന്നു. ഈ മുപ്പതില്‍ എറണാകുളം-അങ്കമാലി അതിരൂപത, ചങ്ങനാശ്ശേരി അതിരൂപത, കോട്ടയം അതിരൂപത, തലശേരി അതിരൂപത, തൃശൂര്‍ അതിരൂപത എന്നിവയും ഉള്‍പ്പെടുന്നു. സീറോ മലബാര്‍ സഭയില്‍ രക്ഷാചരിത്രത്തിലെ ദിവ്യരഹസ്യങ്ങളെ കേന്ദ്രീകരിച്ചാണ് ആരാധനയ്ക്ക്രൂപം കൊടുത്തിരിക്കുന്നത്. യേശുവിന്റെ ജനനം, മാമ്മോദീസാ, പീഡാനുഭവവും മരണവും, ഉയിര്‍പ്പ്-സ്വര്‍ഗ്ഗാരോഹണം, പന്തക്കുസ്താ-പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനം, സഭയുടെ വളര്‍ച്ച, സ്ലീവായുടെ പുകഴ്ച, മിശിഹായുടെ പുനരാഗമനം – അന്ത്യവിധി, സ്വര്‍ഗ്ഗീയജീവിതം എന്നിങ്ങനെ ഒന്‍പത് കാലങ്ങളാണു ഒരു ആരാധനാവത്സരത്തിലുള്ളത്. ഇത് കൂടാതെ തീയതിയനുസരിച്ചുള്ള പെരുന്നാളുകളും സഭ കൊണ്ടാടിപ്പോരുന്നു.

www.smcimsite.org

ക്നാനായ കത്തോലിക്കര്‍

കൂനന്‍ കുരിശു സത്യം മുതല്‍ കേരള ക്രൈസ്തവരുടെയിടയിലുണ്ടായ പിളര്‍പ്പുകളുടെ അനന്തരഫലമായി. കേരളത്തിലെ ക്നാനാനായ സമുദായത്തില്‍ ഒരു വിഭാഗം സീറോ മലബാര്‍  സഭയില്‍ നിലയുറപ്പിച്ചു. മറുവിഭാഗം യകൊബായ സഭയിലും. ഈ രണ്ടു സഭകളിലും ക്നാനായക്കാര്‍ക്ക് പ്രത്യേകം മെത്രാന്മാരും ഭരണസംവിധാനവുമുണ്ട്. കത്തോലിക്കാ സഭയുടെ കോട്ടയം അതിരൂപതയും യാക്കോബായ സഭയുടെ ക്നാനായ ഭദ്രാസനവും ക്നാനായക്കാര്‍ മാത്രം ഉള്‍പ്പെട്ടതാണ്.

പ്രത്യേക ഭരണസംവിധാനമൊന്നുമില്ലാതിരുന്ന ക്നാനായ വിഭാഗത്തിനായി 1911-ലാണ് പ്രത്യേക വികാരിയത്ത് നിലവില്‍ വന്നത്. അതുവരെ ചങ്ങനാശേരി, എറണാകുളം വികാരിയത്തുകളുടെ ഭാഗമായിരുന്നു കത്തോലിക്ക സഭയിലെ ക്നാനായക്കാര്‍. 1911 ഓഗസ്റ്റ് 29-ന് പത്താം പിയൂസ് മാര്‍പ്പാപ്പയാണ് കോട്ടയം വികാരിയത്ത് സ്ഥാപിച്ചത്. ചങ്ങനാശേരി മെത്രാനായിരുന്ന മാര്‍ മാത്യു മാക്കീല്‍ ഈ വികാരിയത്തിന്റെ ആദ്യ അധ്യക്ഷനുമായി. 1923-ല്‍ കോട്ടയം വികാരിയത്ത്രൂപതയായും പിന്നീട് അതിരൂപതയായും ഉയര്‍ത്തപ്പെട്ടു. കുര്യാക്കോസ് കുന്നശ്ശേരിയായിരുന്നു പ്രഥമ മെത്രാപ്പോലീത്ത. ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ടിലാണ് ഇപ്പോഴത്തെ അതിരൂപതാധ്യക്ഷന്‍ . മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ സഹായമെത്രാനായി പ്രവര്‍ത്തിക്കുന്നു.

മലങ്കര കത്തോലിക്കാ സഭ (Malankara Catholic Church)

 

കത്തോലിക്കാ സഭയിലെ പൗരസ്ത്യ റീത്തില്‍ പെട്ട മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ സ്വയംഭരണസഭയാണ് സീറോ മലങ്കര കത്തോലിക്കാ സഭ അഥവാ മലങ്കര സുറിയാനി കത്തോലിക്കാ സഭ. മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ ബഥനി സന്യാസ സമൂഹങ്ങളുടെ മെത്രാപ്പോലീത്തയായിരുന്ന ഗീവര്‍ഗീസ് മാര്‍ ഇവാനിയോസ്, 1930 സെപ്റ്റംബര്‍ 20 നു് പുനരൈക്യ പ്രസ്ഥാനത്തിന്റെ ഫലമായി റോമന്‍ കത്തോലിക്കാ സഭയില്‍ ചേര്‍ന്നതോടെയാണു് സീറോ മലങ്കര റീത്തു് രൂപംകൊണ്ടത്. ആര്‍ക്കി എപ്പിസ്കോപ്പല്‍ സ്വയംഭരണ സഭയായിരുന്ന സീറോ മലങ്കര സഭയെ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ 2005 ഫെബ്രുവരി 10-നു് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ സ്വയംഭരണ സഭയായി ഉയര്‍ത്തി.മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ആണു് 2007 മാര്‍ച്ച് 5 മുതല്‍ ഈ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ്.  മാര്‍ ബസേലിയോസ്‌ ക്ലീമിസിനെ സഭയിലെ പ്രഥമ കര്‍ദ്ദിനാളായി ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ 2012 ഒക്ടോബര്‍ 24-ന് പ്രഖ്യാപനം ചെയ്തു. നവംബര്‍ 24-ന് കര്‍ദ്ദിനാളായി സ്ഥാനാരോഹണം ചെയ്യപ്പെട്ടു. മലങ്കര കത്തോലിക്കാസഭയുടെ ആരാധനാക്രമം അന്ത്യോഖ്യന്‍ രീതിയില്‍ ആണ്. ഇന്ന് ഏതാണ്ട് 5 ലക്ഷത്തോളം വിശ്വാസികളെ ഉള്‍ക്കൊള്ളുന്ന ഈ സഭയുടെ ആസ്ഥാനം തിരുവനന്തപുരമാണ്. കേരളത്തിലെയും മറ്റു സംസ്ഥാനങ്ങളിലെയും അമേരിക്കന്‍ രൂപതകളിലുമായി വിശ്വാസസമൂഹം വ്യാപിച്ചു കിടക്കുന്നു.

കടപ്പാട് : carmel Apologetics

 

 

Copyright St.Stephens Orthodox Christian Youth Movement 2011-2016