Secondary menu

കേരളത്തിലെ ക്രൈസ്തവ സഭകള്‍: ഭാഗം രണ്ട്

കേരളത്തിലെ പ്രമുഖ ക്രൈസ്തവ സഭകളെപ്പറ്റി ഒരു ചെറുതും എന്നാല്‍ വായനക്കാര്‍ക്ക് വിജ്ഞാനദായകവുമായേക്കാവുന്ന ഒരു പഠനത്തിനു ഞങ്ങള്‍ മുതിരുകയാണ്. ഈ പരമ്പരയില്‍ കേരളത്തിലെ എല്ലാ എപ്പിസ്കോപ്പല്‍ സഭകളുടെയും ചരിത്രം, വിശ്വാസസംഹിതകള്‍ എന്നിവ വായനക്കാര്‍ക്ക് പരിചയപ്പെടുത്താനാണു ടീം കാര്‍മല്‍ ഇവിടെ ശ്രമിക്കുന്നത്. ഇതൊരു വിമര്‍ശനാത്മകമായ  പഠനമല്ല, പ്രത്യുത, ഓരോ സഭയുടെയും ചരിത്രം അതതു സഭകളുടെ വീക്ഷണകോണില്‍ നിന്നും പരിശോധിക്കാനാണ് ഞങ്ങള്‍ മുതിരുന്നത്. ഇത് ഒരു പൂര്‍ണ്ണമായ ഒരു പഠനം ആയിക്കൊള്ളണം എന്നുമില്ല. പരിധികള്‍ക്കുള്ളില്‍ നിന്നും ഇത് പരമാവധി മികവുറ്റതാക്കാന്‍ ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ട്.  ലേഖന പരമ്പരയുടെ രണ്ടാം ഭാഗമാണ് ഇത്. 

മാര്‍ത്തോമാ സഭ , ഇവാഞ്ചലിക്കല്‍ സഭ, സി. എസ്. ഐ., തൊഴിയൂര്‍ സഭ, കല്‍ദായ സഭ എന്നിവയെക്കുറിച്ച് ആണ് നാം ഈ ലേഖനത്തില്‍ ചിന്തിക്കുന്നത്.

മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭ (Mar Thoma Syrian Church)

മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭ അഥവാ മാര്‍ത്തോമ്മാ സഭ തോമശ്ലീഹയാല്‍ സ്ഥാപിക്കപ്പെട്ടു എന്ന് വിശ്വസിക്കപെടുന്ന ഒരു ഒരു എപ്പിസ്കോപ്പല്‍ സഭയാണ്. കുറച്ചു കൂടി വ്യക്തമായി  പറഞ്ഞാല്‍ പൌരസ്ത്യ ആരാധനക്രമം സ്വീകരിചിട്ടുള്ളതും എക്യുമെനിസതില്‍ അടിയുറച്ചതും സുവിശേഷീകരണത്തിന് പ്രാധാന്യം നല്കുന്നതുമായ  പൌരോഹിത്യ ശ്രേണിയോട് കൂടിയ സഭയാണ് മാര്‍ത്തോമ്മാ സഭ. മാര്‍ത്തോമ്മാ മെത്രാപ്പോലിത്ത ആണ് മാര്‍ത്തോമ്മാ സഭയുടെ തലവന്‍. മാര്‍ത്തോമ്മാ മെത്രാപ്പോലിത്ത സെന്റ് തോമസിന്റെ മലങ്കര സിംഹാസനത്തിന്റെ പിന്തുടര്‍ച്ചക്കാരന്‍ ആണെന്ന്  അവകാശപ്പെടുന്നു.ഇപ്പോഴത്തെ മാര്‍ത്തോമ്മാ മെത്രാപ്പോലിത്ത മോസ്റ്റ്‌ റവ. ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലിത്ത ആണ്. മാര്‍ത്തോമ്മാ സഭയുടെ ആസ്ഥാനം തിരുവല്ലയാണ്. ഇന്ന് ഏതാണ്ട് പതിനഞ്ചു ലക്ഷത്തോളം അംഗങ്ങളെ ഉള്‍ക്കൊള്ളുന്ന മാര്‍ത്തോമ്മാ സഭയ്ക്ക് ഇന്ത്യന്‍ സംസ്ഥാനങ്ങള്ക്ക് പുറമേ വടക്കേ അമേരിക്ക, യൂറോപ്പ്, മധ്യ പൂര്‍വേഷ്യന്‍ രാജ്യങ്ങള് , ഏഷ്യപസഫിക് എന്നിവടങ്ങളിലും  സാന്നിധ്യം ഉണ്ട്.

സഭയുടെ വീക്ഷണത്തില്‍ അതിന്റെ ചരിത്രം നവീകരണത്തിന് മുന്പുള്ള കാലഘട്ടം, നവീന കാലഘട്ടം, നവീകരണത്തിന് ശേഷമുള്ള കാലഘട്ടം എന്നിങ്ങനെ മൂന്നു ഘട്ടങ്ങള്‍ ആയി തിരിച്ചിരിക്കുന്നു.

സഭ നവീകരണത്തിന് മുന്പ്

നവീകരണത്തിന് മുന്‍പുള്ള കാലഘട്ടം എന്ന് അറിയപ്പെടുന്നത് തോമാശ്ലീഹായുടെ വരവില്‍ തുടങ്ങി പോര്‍ച്ചുഗീസ് അധിനിവേശവും കൂനന്‍ കുരിശു സത്യവും കടന്നു തൊഴിയൂര്‍ സഭയുടെ രൂപവല്കരണവും CSI സഭയുമായുള്ള ബന്ധവും വരെ എത്തി നില്ക്കുന്നു. ചര്‍ച്ച് ഓഫ് ഇന്‍ഗ്ലണ്ടുമായുള്ള ബന്ധം മൂലം മലങ്കര സഭയില്‍ മിഷനറിമാരുമായുള്ള ബന്ധം വര്‍ധിക്കുകയും തത്ഫലമായി പലരും പരിഭാഷപ്പെടുത്തിയ ബൈബിള്‍ സസൂക്ഷ്മമം പഠിക്കാന്‍ ആരംഭികുകയും ചെയ്തു. അങ്ങനെ മിഷനറികളുമായുള്ള ബന്ധം നിമിത്തം ഒരു നവീകരണം എന്ന ആവശ്യം ചിലര്‍ ഉയര്‍ത്തി.  ഈ നവീകരണ പ്രവര്‍ത്തനത്തിന്റെ രണ്ട് പ്രമുഖ നേതാക്കള്‍ ആയിരുന്നു പാലക്കുന്നത്ത് അബ്രഹാം മല്പാനും കൈതയില്‍ ഗീവര്‍ഗീസ് മല്പാനും. യൂറോപ്യന്‍ നാടുകളില്‍ ഉണ്ടായ നവീകരണങ്ങളുടെ സ്വാധീനത്തില്‍   ഇവര്‍  രണ്ട് പേരും അവരോട് വിധേയത്വം പുലര്‍ത്തുന്ന ആളുകളും  മലങ്കര സഭയില്‍ ഒരു നവീകരണ പ്രസ്ഥാനം ഉണ്ടാകുന്നതിനു വേണ്ടി ശക്തമായി വാദിച്ചു തുടങ്ങി.

നവീകരണ കാലഘട്ടം

എബ്രഹാം മല്പാന്‍ തനിക്കു ഭൂരിപക്ഷമുള്ള  ഇടവകയായ മാരാമണ്‍ പള്ളിയില്‍ സുറിയാനിയിലെ കുര്‍ബാനക്രമം മലയാളത്തിലേക്ക് പൂര്‍ണ്ണമായി മൊഴി മാറ്റി കുര്‍ബാന ചൊല്ലിക്കൊണ്ടു നവീകരണ കാലഘട്ടം എന്ന് മാര്‍ത്തോമ്മാ സഭ അവകാശപ്പെടുന്ന കാലഘട്ടതിനു തുടക്കമിട്ടു. നവീകരണപ്രസ്ഥാനത്തിന്റെ പ്രധാന ആശയങ്ങള്‍ താഴെ പറയുന്നതായിരുന്നു.

  • യേശുക്രിസ്തുവിലുള്ള വിശ്വാസം മൂലം പാപമോചനം ലഭിയ്ക്കും എന്ന സുവിശേഷ സന്ദേശത്തിലേക്ക് മടങ്ങി പോവുക.
  • ജീവിതത്തിലെ പാപവഴികളില്‍ നിന്നു മാറി ശുദ്ധീകരിക്കുക.
  • യേശുക്രിസ്തുവിലുള്ള രക്ഷയെ കുറിച്ച് മറ്റുള്ളവരോട് അറിയിക്കുക.
  • ദൈവവചനത്തിനു ജീവിതത്തില്‍ ഏറ്റവും അധികം പ്രാമുഖ്യം കൊടുക്കുക.

നവീകരണ ആശയങ്ങള്‍ മനസ്സിലാക്കുയും അതിനോട് ആഭിമുഖ്യം പുലര്‍ത്തുകയും ചെയ്യുന്ന ഒരു ബിഷപ്പ് ഇല്ലെങ്കില്‍ ഈ നവീകരണ ആശയങ്ങള്‍ ജനങ്ങളിലേക്ക് എത്താനും മുന്നോട്ടു പോകാനും ബുദ്ധിമുട്ടാണെന്ന്  മനസിലാകിയ  അബ്രഹാം മല്പാന്‍,  അന്ന് മദ്രാസില്‍ പഠിക്കുകയായിരുന്ന തന്റെ ഒരു ബന്ധുവായ മാത്യു ശെമ്മാശനെ അന്ത്യോഖ്യാ പാത്രിയര്‍ക്കിസിന്റെ അടുത്തേക്ക് അയച്ചു. ശെമ്മാശന്റെ കഴിവിലും സ്വഭാവത്തിലും മതിപ്പ് തോന്നിയ പാത്രിയര്‍ക്കിസ് അദ്ദേഹത്തെ ആദ്യം പുരോഹിതനായും പിന്നീട് മാത്യൂസ് മാര്‍ അത്താനോസ്യോസ് എന്ന പേരില്‍ മെത്രാപ്പോലിത്തയായും വാഴിച്ചു. കൊച്ചിയിലെത്തിയ മാത്യൂസ് മാര്‍ അത്താനോസ്യോസ് മെത്രപ്പോലീത്താ, തിരുവനന്തപുരത്തേക്ക് പോയി രാജാവിനെ കണ്ട് തന്നെ മലങ്കര മെത്രാപ്പോലീത്താ ആയി ചുമതല പെടുത്തികൊണ്ടുള്ള കല്പന പുറപ്പെടുവിക്കണം എന്ന് അഭ്യര്‍ത്ഥിക്കുകയും അങ്ങനെ മാത്യൂസ് മാര്‍ അത്താനോസ്യോസിനെ മലങ്കരമെത്രാപ്പോലിത്താ ആയി പ്രഖ്യാപിച്ചുകൊണ്ടുള്ള രാജകല്പന 1852-ല്‍ പുറത്തു വരികയുംചെയ്തു.

രാജാവിന്റെ അംഗീകാരം കിട്ടിയതോടെ മെത്രാപ്പോലിത്താ നവീകരണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുകയും ചെയ്തു. മാത്യൂസ് മാര്‍ അത്താനോസ്യോസിനെ മലങ്കര മെത്രാപ്പോലിത്താ ആയി പ്രഖ്യാപിച്ചതിനാല്‍ കോട്ടയം സുറിയാനി സെമിനാരി നവീകരണക്കാരുടെ അധീനതയില്‍ ആയിരുന്നു. മാത്യൂസ് മാര്‍ അത്താനോസ്യോസ് 1868-ല്‍ അബ്രഹാം മല്പാന്റെ പുത്രനെ തോമസ് മാര്‍ അത്താനോസ്യോസ് എന്ന പേരില്‍ എപ്പിസ്കോപ്പ ആയി (ബിഷപ്പ്) വാഴിച്ചു.

മലങ്കര സഭയും നവീകരണ വിഭാഗവുമായുള്ള പ്രശ്നം പരിഹരിക്കാനായി അന്തോഖ്യന്‍ പാത്രിയര്‍ക്കീസ് 1875-ല്‍ കേരളത്തിലെത്തുകയും മുളംതുരുത്തിയില്‍ ഒരു സുന്നഹദോസ് വിളിച്ചു കൂട്ടുകയും ചെയ്തു. സുനഹദോസ് മലങ്കര സഭയെ 7 ഭദ്രാസനങ്ങളായി വിഭജിക്കുകയും മാത്യൂസ് മാര്‍ അത്താനോസ്യോസിനെയും അദ്ദേഹത്തോട് കൂറു പുലര്‍ത്തുന്ന നവീകരണക്കാരേയും തള്ളിപ്പറയുകയും ചെയ്തു. മലങ്കര സഭയുടെ ഭരണ കാര്യങ്ങളില്‍ ഇടപെടാന്‍ അന്തോഖ്യന്‍ പാത്രിയര്‍ക്കീസിനു അധികാരമില്ല എന്നു മാത്യൂസ് മാര്‍ അത്താനോസ്യോസ് വാദിച്ചു. ആരാണ് യഥാര്‍ത്ഥത്തില്‍ മലങ്കര മെത്രാപ്പോലീത്താ എന്നതിനെ ചൊല്ലി തര്‍ക്കം മുറുകി. കേസ് കോടതിയിലെത്തി. 1877-ല്‍ മാത്യൂസ് മാര്‍ അത്താനോസ്യോസ് കാലം ചെയ്തു. തോമസ് മാര്‍ അത്താനാസ്യോസ് അദ്ദേഹത്തിന്റെ പിന്തുര്‍ച്ചയായി അധികാരമേറ്റു. 1889-ല്‍ തിരുവനന്തപുരം കോടതി ചേപ്പാട്ട് മാര്‍ ദിവാന്ന്യോസോസ് അന്ത്യോക്യന്‍ പാത്രിയര്‍ക്കീസിനു വിധേയപ്പെട്ടിരിക്കുന്നതിനാല്‍ അദ്ദേഹമാണ് മലങ്കര മെത്രാപ്പോലീത്താ എന്നു വിധിച്ചു. വിധി വന്നതോടെ തോമസ് മാര്‍ അത്താനാസ്യോസിനു സുറിയാനി സെമിനാരി വിടേണ്ടി വന്നു. അന്ത്യോക്യന്‍ പാത്രിയര്‍ക്കിസിനെ അംഗീകരിക്കാമെങ്കില്‍ തോമസ് മാര്‍ അത്താനാസ്യോസിനെ മലങ്കര മെത്രാപ്പോലിത്താ ആയി അംഗീകരിക്കാം എന്നൊരു നിര്‍ദ്ദേശം വന്നു എങ്കിലും അദ്ദേഹം അതിനോട് യോജിച്ചില്ല. കോടതി വിധിക്കുശേഷം കോട്ടയം സെമിനാരി മലങ്കര സഭയ്ക്ക് വിട്ടു കൊടുക്കേണ്ടി വന്ന നവീകരണ സഭയ്ക്ക് കോടതി വിധിയിലൂടെ മാരാമണ്‍, കോഴഞ്ചേരി എന്നീ പള്ളികളും  കൊട്ടാരക്കരയില്‍ ഒരു പള്ളി സമവായത്തിലൂടെയും ലഭിച്ചു.

നവീകരണത്തിന് ശേഷമുള്ള കാലഘട്ടം 

തോമസ്‌ മാര്‍ അത്താനാസിയോസിനു ശേഷം റ്റൈറ്റസ് 1, റ്റൈറ്റസ് 2 എന്നീ രണ്ടു മെത്രാപോലീതമാര്‍ ചുമതലയേറ്റു. റ്റൈറ്റസ് രണ്ടാമന്റെ കാലത്താണ് നവീകരണ സഭ മാര്‍ത്തോമ്മാ സഭ എന്ന പേര് സ്വീകരിച്ചത്. ഇന്ന് കഴിഞ്ഞ ഒരു നൂറ്റാണ്ട് കാലം കൊണ്ട് മാര്‍ത്തോമ്മാ സഭ വളരെയധികം പുരോഗതി പ്രാപിച്ചിരിക്കുന്നു എന്ന് കാണാന്‍ കഴിയും. ചരിത്ര പ്രസിദ്ധമായ മാരാമണ്‍ കണ്‍വെന്‍ഷന്‍ മാര്‍ത്തോമ്മാ സഭയുടെ ആശീര്‍വാദത്തിലാണ് നടത്തി പോരുന്നത്. പതിനൊന്ന് ഭദ്രാസനങ്ങള്‍ക്ക് കീഴിലായി 1100-ഓളം ഇടവകകള്‍ ഇന്നു മാര്‍ത്തോമ്മാ സഭയ്ക്ക് ഉണ്ട്. 13 ബിഷപ്പുമാരും  എണ്ണൂറോളം പുരോഹിതന്മാരും സഭയില്‍ വിവിധ മേഖലകളില്‍ സഭയെ നയിക്കുന്നു. മലബാര്‍ സ്വതന്ത്ര സുറിയാനി സഭ, ആഗ്ലിക്കന്‍ സഭ, ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യ (CSI), ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യ (CNI) എന്നീ സഭകളുമായി മാര്‍ത്തോമ്മാ സഭ സഹകരണത്തിലുമാണ് (full communion).

www.marthoma.in

സെന്റ്‌ തോമസ്‌ ഇവാഞ്ചലിക്കല്‍ സഭ (St. Thomas Evangelical Church)

കേരളത്തില്‍ സുറിയാനി പാരമ്പര്യം അവകാശപ്പെടുന്ന ഒരു എപ്പിസ്കോപ്പല്‍ സഭയാണ് സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ സഭ. 1960-കളില്‍ മാര്‍ത്തോമ്മാ സഭയില്‍ നിന്നു വേര്‍പെട്ട് രുപീകരിച്ചതാണ് സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ സഭ. പത്തൊന്‍പതാം നൂറ്റാണ്ടിലെ മലങ്കരസഭാ പിളര്‍പ്പിനു  ശേഷം മാര്‍ത്തോമ്മ സഭയുടെ ഭാഗമായിനിന്ന ഒരു വിഭാഗം ആളുകള്‍ 1961ല്‍, അന്നത്തെ മാര്‍ത്തോമ്മാ മെത്രാപോലീത്ത ആയിരുന്ന യൂഹാനോന്‍ മാര്‍ത്തോമ്മായുടെ  ചില നിലപാടുകളില്‍ പ്രതിഷേധിച്ച്, കെ.എന്‍ . ദാനിയേല്‍ എന്ന വ്യക്തിയുടെ നേതൃത്വത്തില്‍ മാര്‍ത്തോമ്മാ സഭ വിട്ട് പോകുകയും സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ സഭ എന്ന പേരില്‍ പുതിയ സഭ സ്ഥാപിക്കുകയും ചെയ്തു.മാര്‍ത്തോമ്മാ സഭയില്‍  വേര്‍പെട്ടതിന് ശേഷം ചില വിശ്വാസപരമായ ആചാരങ്ങളും കൂദാശകളും  ഈ സഭയില്‍ മാറ്റത്തിന് വിധേയമായി. കുര്‍ബ്ബാന ക്രമം പരിഷ്കരിച്ചു, സുറിയാനി പദങ്ങളെ ആരാധനയില്‍ പൂര്‍ണ്ണമായി ഒഴിവാക്കി, നോമ്പുകളുടെ ആചരണം ഒഴിവാക്കി, മെഴുകുതിരി, കുരിശു മുതലായവ ആരാധനയില്‍ നിന്നും മാറ്റി, ബിഷപ്പുമാര്‍ക്ക് വിവാഹിതരാകാനുള്ള അനുവാദം നല്കി, അംശവസ്ത്രങ്ങല്‍ സുറിയാനിപാരബര്യത്തില്‍ നിന്നും മാറ്റപ്പെട്ടു, കൂദാശകള്‍ 2 എണ്ണം (മാമോദീസ ,കുര്‍ബാന ) മതി എന്ന് തീരുമാനിച്ചു എന്നിവ അതില്‍ ചിലതായിരുന്നു. തിരുവല്ലയിലെ മീന്തലക്കരയാണ് സഭയുടെ ആസ്ഥാനം.

www.steci.org

മലബാര്‍ സ്വതന്ത്ര സുറിയാനി സഭ (തൊഴിയൂര്‍ സഭ) (Malabar Independent SyrianChurch )

1772-ല്‍ മലങ്കര സഭയില്‍ നിന്ന് പിരിഞ്ഞുണ്ടായ സഭയാണ് മലബാര്‍ സ്വതന്ത്ര സുറിയാനി സഭ. ഇതിന് തൊഴിയൂര്‍ സഭ എന്നും പേരുണ്ട്. തൃശ്ശൂര്‍ ജില്ലയിലെ  തൊഴിയൂര്‍ ആണ് ആസ്ഥാനം. 1751-ല്‍ മാര്‍ ബസേലിയോസ് ശക്രള്ള കാതോലിക്കോസിനോടൊപ്പം കേരളത്തിലെത്തിയ മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, 1772-ല്‍ കാട്ടുമങ്ങാട്ട് അബ്രഹാം റമ്പാനെ കൂറിലോസ് എന്ന പേരില്‍ മെത്രാനായി വാഴിച്ചതോടെയാണ് ഈ സഭയുടെ തുടക്കം. അന്നത്തെ മലങ്കര മെത്രാപ്പോലീത്തയ്ക്ക് സമാന്തരമായി വാഴിയ്ക്കപ്പെട്ടതായതിനാല്‍‍  തിരുവിതാംകൂര്‍, കൊച്ചി രാജാക്കന്മാരുടെ അംഗീകാരം ലഭിക്കുന്നതില്‍ പുതിയ മെത്രാന്‍ പരാജയപ്പെട്ടു. പിന്നീടു  അദ്ദേഹം  സഹോദരനായ ഗീവറുഗീസ് റമ്പാനോടൊപ്പം അഭയാര്‍ത്ഥിയായി ബ്രിട്ടീഷ് മലബാറിലെ ആഞ്ഞൂര്‍ എന്ന സ്ഥലത്തേയ്ക്കും അവിടെ നിന്ന് തൊഴിയൂര്‍ എന്ന സ്ഥലത്തേയ്ക്കും പോയി. അവിടെ താമസിച്ചു് പുതിയ ഒരു പള്ളിയും സഭയും കെട്ടിപ്പെടുത്തു. ഇതാണ് ഇന്ന് കാണുന്ന തൊഴിയൂര്‍ സഭ. മലങ്കര സഭയില്‍ നിന്നും തെറ്റി പിരിഞ്ഞതനെങ്കില്‍ പോലും അതിനു ശേഷം മലങ്കര സഭയിലെ മൂന്നു മെത്രപൊലീതമാരെ വാഴിച്ചത് തൊഴിയൂര്‍ സഭാദ്ധ്യക്ഷന്‍  ഗീവറുഗീസ് മാര്‍ പീലക്സിനോസ് മെത്രാപ്പോലീത്തയായിരുന്നു. അത് പോലെ തന്നെ മാര്‍ത്തോമ്മാ സഭയുമായി വിശ്വാസഐക്യം പ്രഖ്യപിചിട്ടില്ലെങ്കില്‍ കൂടിയും മെത്രാഭിഷെകചടങ്ങുകളില്‍ പരസ്പരം പങ്കെടുക്കണമെന്ന ധാരണയും നിലവിലുണ്ട്. മാത്രമല്ല മാര്‍ത്തോമ്മാ സഭ മെത്രാപോലീത്തയായിരുന്ന തോമസ് മാര്‍ അത്താനാസ്യോസ് തന്റെ പിന്‍ഗാമിയെ വാഴിക്കാതെ 1893-ല്‍ കാലം ചെയ്തപ്പോള്‍  തോഴിയൂര്‍ സഭയുടെ ബിഷപ്പായ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ആണ്   തോമസ് മാര്‍ അത്താനാസ്യോസിന്റെ ഇളയ സഹോദരനെ ടൈറ്റസ് ഒന്നാമന്‍ എന്ന പേരില്‍ ബിഷപ്പായി വാഴിച്ചത്.

ഇന്ന് എണ്ണം കൊണ്ട് വിശ്വാസസമൂഹം ചെറുതാണെങ്കിലും 16 ഇടവകകില്‍ ആയി ഏതാണ്ട് മുപ്പതിനായിരതില്പരം ആളുകള്‍ ഉള്‍പ്പെടുന്ന ഈ സഭയുടെ മേല്പട്ടക്കാര്‍ ജോസഫ് മാര്‍ കൂറിലോസ് വലിയ മെത്രാപ്പോലീത്ത, സിറില്‍ മാര്‍ ബസേലിയോസ് മെത്രാപ്പോലീത്ത എന്നിവരാണ്.

www.malabar.pwp.blueyonder.co.uk

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യ (സി.എസ്.ഐ.)

ഇന്ത്യയിലെ പ്രമുഖ പ്രൊട്ടസ്റ്റന്റ് ക്രൈസ്തവസഭയും കേരളത്തിലെ ഏറ്റവും വലിയ പ്രൊട്ടസ്റ്റന്റ് സഭയും ആണ് ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യ (സി.എസ്.ഐ.). ദക്ഷിണേന്ത്യയിലും ശ്രീലങ്കയിലുമായി ഏതാണ്ട് പതിനാലായിരം ഇടവകകളില്‍ ആയി 40 ലക്ഷത്തോളം അംഗങ്ങള്‍ ഈ സഭയിലുണ്ട്. ആംഗ്ലിക്കന്‍ സഭ, മെഥഡിസ്റ്റ് സഭ, പ്രെസ്‌ബിറ്റീരിയന്‍ സഭ, കോണ്‍ഗ്രിഗേഷണല്‍ സഭ എന്നിങ്ങനെ വ്യത്യസ്ത പാരമ്പര്യങ്ങളിലുള്ള ക്രൈസ്തവസഭകള്‍1947-ല്‍ ഒന്നുചേര്‍ന്നാണ് ദക്ഷിണേന്ത്യ ഐക്യസഭ രൂപമെടുത്തത്. ഇവയില്‍ പ്രെസ്‌ബിറ്റീരിയന്‍ സഭയും കോണ്‍ഗ്രിഗേഷണല്‍ സഭയും 1908-ല്‍ തന്നെ ഒത്തുചേര്‍ന്നു് സൗത്ത് ഇന്ത്യ യുണൈറ്റഡ് ചര്‍ച്ച് (എസ്.ഐ.യു.സി) എന്ന സഭ രൂപവത്കരിച്ചിരുന്നു. അതിനാല്‍ 1947-ല്‍ നടന്നത് ആംഗ്ലിക്കന്‍സഭ, മെഥഡിസ്റ്റ് സഭ, എസ്.ഐ.യു.സി എന്നിവയുടെ ലയനമായിരുന്നു. സി.എസ്.ഐ രൂപംകൊണ്ട കാലത്തു സാമ്പത്തിക സഹായത്തിനും നേതൃത്വത്തിനും വിദേശസഭകളെ ആശ്രയിച്ചിരുന്നു. എന്നാല്‍ ഇന്ന് സഭ സ്വയംപര്യാപ്തമാണ്. വിദേശീയരായി ആരും അധികാരസ്ഥാനങ്ങളിലില്ല.

ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യ (CNI), ചര്‍ച്ച് ഓഫ് പാകിസ്താന്‍ , ചര്‍ച്ച് ഓഫ് ബംഗ്ലാദേശ് തുടങ്ങിയ ഐക്യസഭകള്‍ സി. എസ്. ഐ യുടെ ചുവടുപിടിച്ചു രൂപീകരിക്കപ്പെട്ടിട്ടുള്ളവയാണ്. 1919-ല്‍ ആംഗ്ലിക്കന്‍, മെഥഡിസ്റ്റ്, എസ്.ഐ.യു.സി. സഭകളുടെ പ്രതിനിധികള്‍ അനൗപചാരികമായി നടത്തിയ ചര്‍ച്ചകളാണ് ദക്ഷിണേന്ത്യയില്‍ സഭൈക്യത്തിനുള്ള വഴി തുറന്നത്. സഭകളുടെ ഏകീകരണത്തിന് ലാംബെത് ചതുര്‍തത്വങ്ങള്‍ (Lambeth Quadrilateral) അടിസ്ഥാനമാക്കാമെന്ന് അവര്‍ തീരുമാനമെടുത്തു.

  • പഴയ നിയമവും പുതിയ നിയമവും അടങ്ങിയ വേദപുസ്തകം രക്ഷക്കാവശ്യമായ വിവരങ്ങളുടെ സമ്പൂര്‍ണ്ണ സ്രോതസ്സും വിശ്വാസകാര്യങ്ങളുടെ പരമമായ മാനദണ്ഡവുമാണ്.
  • ഈ വിശ്വാസം സാക്ഷീകരിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള സംഹിതകളാണ് അപ്പസ്തോലവിശ്വാസപ്രമാണവും (Apostolic Creed) നിഖ്യാവിശ്വാസപ്രമാണവും (Nicene Creed).
  • സ്നാനം, സംസര്‍ഗ്ഗ ശുശ്രൂഷ (holy communion) എന്നിവ.
  • ചരിത്രപരമായ എപ്പിസ്കോപ്പസി (സഭാഭരണത്തില്‍ ബിഷപ്പിന്റെ തസ്തിക).

ഏകീകരണ ചര്‍ച്ചയിലേര്‍പ്പെട്ട സഭകളില്‍ ആംഗ്ലിക്കന്‍ സഭയില്‍ മാത്രമാണ് കൈവയ്പിലൂടെയുള്ള എപ്പിസ്കോപ്പസി നിലവിരുന്നത്. അതുകൊണ്ട് തന്നെ ഈ കാര്യത്തില്‍  ഒരു സമവായത്തിലെത്താന്‍ പിന്നീടും കാത്തിരിക്കേണ്ടി വന്നു. അങ്ങനെ  രണ്ടു ദശകങ്ങളിലെ കൂടിയാലോചനകളിലൂടെയാണ് സഭൈക്യപദ്ധതി പൂര്‍ത്തീകരിക്കപ്പെട്ടത്. പക്ഷേ ഈ തീരുമാനങ്ങള്‍ക്ക് മൂന്നു സഭകളുടെയും ഭരണസമിതികളുടെ ഔദ്യോഗിക അംഗീകാരം ലഭിക്കുവാന്‍ പിന്നെയും ഏതാനും വര്‍ഷങ്ങള്‍ കൂടി കാത്തിരിക്കേണ്ടിവന്നു. അങ്ങനെ 1947-ല്‍) സി.എസ്.ഐ. സഭ രൂപമെടുത്തു. ദ റൈറ്റ് റവ. G. ദേവകടാക്ഷം ആണ് ഇപ്പോള്‍ സി എസ് ഐ സഭയുടെ മോഡറേറ്റര്‍.

www.csisynod.com

കല്‍ദായ സുറിയാനി സഭ (Chaldean Syrian Church)

നെസ്തോറിയന്‍ സഭയായ അസ്സീറിയന്‍ പൗരസ്ത്യ സഭയുടെ കേരള ശാഖയാണ്‌ കല്‍ദായ സുറിയാനി സഭ. ഉദയം‌പേരൂര്‍ സൂനഹദോസിനുശേഷം കത്തോലിക്കാ സഭയുമായി പുനഃരൈക്യപ്പെട്ടവരില്‍ ചിലര്‍ സിറിയന്‍ ഓര്‍ത്തഡോക്സ് സഭയില്‍നിന്ന് തങ്ങള്‍ക്കായൊരു നേതൃത്വത്തിന്‌ ശ്രമിച്ചുകൊണ്ടിരുന്നു.

ഈ ഉദ്യമം നിരന്തരമായി പരാജയപ്പെട്ടതിന്റെ ഫലമായി 1814-ല്‍ തൃശ്ശൂരിലെ ചിലര്‍  ടര്‍ക്കിയിലെ കൊണാക്ക് ആസ്ഥാനമാക്കി വാണിരുന്ന പൗരസ്ത്യ കാതോലിക്കാ-പാത്രിയര്‍ക്കീസ് വാഴിച്ച ഒരു ബിഷപ്പിനെ ലഭിക്കാന്‍ ശ്രമം തുടങ്ങി. അന്തോനി തൊണ്ടനാട്ട് എന്ന അച്ചനെ മാര്‍ അബ്ദീശോ 1862-ല്‍ മെത്രാനായി വാഴിച്ചു. പുതുതായി വാഴിക്കപ്പെട്ട മെത്രാന്‍ 1882 മുതലാണ്‌ മെത്രാപ്പോലീത്താ എന്ന നിലയില്‍ പ്രവര്‍ത്തനം തുടങ്ങിയത്. ഈ സഭയുടെ നിലവിലുള്ള മേലദ്ധ്യക്ഷന്‍ മാര്‍ അപ്രേം മെത്രാപ്പോലീത്തയാണ്‌. ഷിക്കാഗോ ആസ്ഥാനമായുള്ള പരിശുദ്ധ ദിനഹാ നാലാമന്‍ കാതോലിക്കോസാണ്‌ സഭയുടെ പാത്രിയര്‍ക്കീസ്.

www.nestorian.org/church_of_the_east_in_india.html

കടപ്പാട് : carmel Apologetics

Copyright St.Stephens Orthodox Christian Youth Movement 2011-2016