സഭ ചരിത്രം



തോമാശ്ലീഹ അയച്ച ആദായി ക്രി പി 37-ൽ ഉറഹായിലും മാർത്തോമാ ശ്ലീഹാ ക്രി പി 52-ൽ മലങ്കരയിലും സഭ സ്ഥാപിച്ചുവെന്നു വിശ്വസിയ്ക്കപ്പെടുന്നു. ഉറഹായിലെ സഭയുടെ പുത്രീസഭയായാണ് പേർഷ്യയിലെ സഭ. ലോകത്തിലെ ആദ്യത്തെ ക്രൈസ്തവ രാഷ്ട്രമായി ഉറഹാ തലസ്ഥാനമായ ഒഷ്റേൻ മാറി.ഓശാനഞായറാഴ്ച സഭ ആദ്യമായി കൊണ്ടാടിയത് ഇവിടെയായിരുന്നു. അനേകകാലത്തേയ്ക്കു് ഉറഹാ പൗരസ്ത്യ രാജ്യങ്ങളിലെ ക്രിസ്തുമതപ്രവർത്തനങ്ങളുടെ ആസ്ഥാനമായിരുന്നു. ഉറഹായെ റോമാ സാമ്രാജ്യം കീഴടക്കിയപ്പോൾ പേർഷ്യയിലെ സെലൂക്യ —സ്റ്റെസിഫോൺ എന്ന ഇരട്ടനഗരം പൗരസ്ത്യസഭയുടെ ആസ്ഥാനമായിവികസിച്ചു. ക്രി പി 410 മുതൽ പൗരസ്ത്യസഭയുടെ പൊതു മെത്രാപ്പോലീത്തയെ പൗരസ്ത്യ കാതോലിക്കോസ് എന്നു് വിളിച്ചു് തുടങ്ങി. ക്രി പി 489—543 കാലത്തു്പൗരസ്ത്യ സഭയുടെഔദ്യോഗികവിഭാഗം നെസ്തോറിയ വിശ്വാസം സ്വീകരിച്ചപ്പോൾ വിമത ഓർത്തഡോക്സ് വിഭാഗത്തെ ഉറഹായുടെ മേലദ്ധ്യക്ഷൻ യാക്കൂബ് ബുർദാന ഓർത്തഡോക്സ് പൗരസ്ത്യ കാതോലിക്കാസനമാക്കി മാറ്റി. ഏഴാം നൂറ്റാണ്ടിൽ മാർ മറൂസയുടെ കാലത്തു് തിൿരീത്തു് നഗരം ഓർത്തഡോക്സ് പൗരസ്ത്യ സഭയുടെ ആസ്ഥാനമായി. 8-10 നൂറ്റാണ്ടുകളിൽ അന്ത്യോക്യാ സുറിയാനി ഓർത്തഡോക്സ് സഭയുമായി വ്യവസ്ഥാപിതമായ ബന്ധം ഉറപ്പിച്ചു. ഭുമിശാസ്ത്രപരമായ അധികാരാതിർത്തിയിൽ അന്ത്യോക്യാ പാത്രിയർക്കീസും പൗരസ്ത്യ കാതോലിക്കോസും പരസ്പരം ഇടപെടാതിരിയ്ക്കുക, അന്ത്യോക്യാ പാത്രിയർക്കീസിന്റെ തെരഞ്ഞെടുപ്പിനു് പൗരസ്ത്യ കാതോലിക്കോസിന്റെയും പൗരസ്ത്യ കാതോലിക്കോസിന്റെ തെരഞ്ഞെടുപ്പിനു് അന്ത്യോക്യാ പാത്രിയർക്കീസിന്റെയും അംഗീകാരം വേണം, ഒരേ വേദിയിൽ അന്ത്യോക്യാ പാത്രിയർക്കീസിന് ഒന്നാം സ്ഥാനവും പൗരസ്ത്യ കാതോലിക്കോസിന് രണ്ടാം സ്ഥാനവും ആയിരിയ്ക്കും എന്നീ വ്യവസ്ഥകൾ നിലവിൽവന്നു. ഇരുസഭകളുടെയും സംയുക്ത പ്രവർത്തനം പൗരസ്ത്യ കാതോലിക്കോസുമാർ അന്ത്യോക്യാ പാത്രിയർക്കീസുമാരാകുന്നതിലേയ്ക്കും അവസാനം പൗരസ്ത്യ കാതോലിക്കാസനം 1860-ഓടെ അന്ത്യോക്യാ പാത്രിയർക്കീസനത്തിൽ ലയിയ്ക്കുന്നതിലേയ്ക്കും എത്തിച്ചു. അബ്ദുൽ മിശിഹാ രണ്ടാമൻ പാത്രിയർക്കീസ് പൗരസ്ത്യ കാതോലിക്കാസനം പുനരുദ്ധരിപ്പിച്ചു് 1912-ൽ മലങ്കരയിലേയ്ക്കു് മാറ്റി.
മലങ്കര സഭ പൗരസ്ത്യസഭയുടെ ഭാഗം
ഉറഹായിലെയും പേർഷ്യയിലെയും സഭകളോടൊപ്പം തുടക്കം മുതൽ പൗരസ്ത്യ സഭയുടെ ഇടവകയായിരുന്നു മലങ്കര സഭ. ക്രി പി 345-ൽ ക്നായിത്തൊമ്മന്റെ നേതൃത്ത്വത്തിൽ പേർഷ്യയിൽനിന്നു് ഉറഹാക്കാർ മലങ്കരയിൽ കുടിയേറി . ഒമ്പതാം നൂറ്റാണ്ടിൽ പേർഷ്യയിൽനിന്നു് (പൗരസ്ത്യ കാതോലിക്കാസനത്തിൽ നിന്ന്)വന്ന തരിസാക്കളുടെ പിന്തുണയില്ലായിരുന്നങ്കിൽ മലങ്കര സഭ ഇല്ലാതായി മുഹമ്മദീയമായേനെ. പൗരസ്ത്യ കാതോലിക്കാസനവുമായുള്ള കൂട്ടായ്മയിലുടെ ആകമാന സഭയുടെ ഭാഗമായി വർത്തിച്ച മലങ്കര സഭ 1599-ൽ പറങ്കികൾ അടിച്ചേൽപിച്ച ഉദയമ്പേരൂർ സുന്നഹദോസിലൂടെ റോമൻ കത്തോലിക്കാ സഭയുടെ കീഴിൽ വന്നു. പറങ്കിളുടെ രാഷ്ട്രീയ സ്വാധീനം മൂലം മലങ്കര സഭ ഏതാണ്ട് പൂർണമായി ലത്തീൻ ഭീഷണിയിലകപ്പെട്ടു. 1653ൽ കൂനൻ കുരിശു സത്യത്തിലൂടെ മോചനം നേടി. ജാതിയ്ക്കു കർത്തവ്യനായ അർക്കദിയാക്കോനെ (പൊതുമാടൻ ചെമ്മായിയെ / പൊതുഭാരശുശ്രൂഷനെ) മെത്രാനായി വാഴിച്ചുകൊണ്ടു് ആ ആണ്ടിൽ തന്നെ മലങ്കര സഭ എപ്പിസ്കോപ്പൽ സഭാസംവിധാനം സ്വീകരിച്ചു. മലങ്കര സഭയുടെ അപേക്ഷപ്രകാരം അന്ത്യോക്യാ പാത്രിയർക്കീസുകൂടിയായിരുന്നപൗരസ്ത്യ കാതോലിക്കോസ് അബ്ദുൽ മിശിഹാ ഒന്നാമൻ അയച്ച അബ്ദുൽ ജലീൽ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത 1965-ൽ മലങ്കര സഭയെ മെത്രാപ്പോലീത്തൻ സഭയായി ഉയർത്തി. [1]1876-ലെ മുളന്തുരുത്തി സുന്നഹദോസിനു് ശേഷം വലിയ മെത്രാപ്പോലീത്തൻ സഭയുമായി മാറി. രണ്ടു് പൗരസ്ത്യ കാതോലിക്കോസുമാർ (മാർ ബസേലിയോസ് യെൽദോ ബാവയും മാർ ബസേലിയോസ് ശക്രള്ള ബാവയും) മലങ്കരയിൽ അജപാലനാർത്ഥം വന്നു് കബറടങ്ങി. പൗരസ്ത്യ കാതോലിക്കാസനം 1860-ൽ അന്ത്യോക്യാ പാത്രിയർക്കാസനത്തിൽ ലയിച്ചതിനു് ശേഷം 1876-ലെ മുളന്തുരുത്തി സുന്നഹദോസോടെ മലങ്കര സഭ അന്ത്യോക്യാ പാത്രിയർക്കാസനത്തിന്റെ ആത്മീയ അധികാരത്തിൻ കീഴിലായി. ഓർത്തഡോക്സ് സുറിയാനി സഭയിൽ പ്രതിസന്ധി 1896-ലെ പാത്രിയർക്കാതെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടപ്പോൾ അന്ത്യോക്യാ സുറിയാനി ഓർത്തഡോക്സ് സഭവിട്ടു് റോമൻ കത്തോലിക്കാസഭയിൽ ചേർന്ന് ഹോംസിലെ റീത്തു് മെത്രാപ്പോലീത്തയായ അബ്ദുല്ലമെത്രാൻ ഹമീദ് സുൽത്താനെ സ്വാധീനിച്ച് അബ്ദുൽ മിശിഹാ രണ്ടാമൻ പാത്രിയർക്കീസിന്റെ അധികാരപത്രം (ഫർമാൻ) റദ്ദാക്കിച്ചു് അബ്ദുല്ല രണ്ടാമൻ എന്ന പേരിൽ എതിർ അന്ത്യോക്യാ പാത്രിയർക്കീസായതു് ഓർത്തഡോക്സ് സുറിയാനി സഭയിൽ പ്രതിസന്ധിയുണ്ടാക്കി. പിൽക്കാലത്ത് പൗരസ്ത്യ കാതോലീക്കോസായ ഔഗേൻ ബാവ അക്കാലത്ത് (1906-ൽ) അബ്ദുൽ മിശിഹാ രണ്ടാമൻ പാത്രിയർക്കീസിനെ സന്ദർശിച്ച് മലങ്കര സഭയ്ക്ക് സത്യവിശ്വാസവും സ്വയംശീർഷകത്വവും നിലനിർത്താൻ വേണ്ടി പൗരസ്ത്യ കാതോലിക്കാസനം പുനരുദ്ധരിപ്പിച്ച് മലങ്കരയിലേയ്ക്കു് മാറ്റുവാൻ സമ്മതിപ്പിച്ചു. മലങ്കരമെത്രാപ്പോലീത്തയുടെ ലൗകിക അധികാരങ്ങൾ അബ്ദുല്ല രണ്ടാമൻ ബാവയ്ക്കു് കൈമാറി ഉടമ്പടി നല്കണമെന്ന നിർദേശം പാലിയ്ക്കാത്തതിനു് മലങ്കരമെത്രാപ്പോലീത്ത വട്ടശേരിൽ ദിവന്നാസിയോസിനെ അബ്ദുല്ല രണ്ടാമൻ ബാവ 1911-ൽ മുടക്കിയപ്പോൾ അബ്ദുൽ മിശിഹാ രണ്ടാമൻ പാത്രിയർക്കീസ് മുടക്ക് റദ്ദാക്കി അദ്ദേഹത്തെ പുനഃസ്ഥാപിച്ചു. പിന്നീടു് 1912-ൽ അദ്ദേഹം മലങ്കരയിലെഴുന്നള്ളി പൗരസ്ത്യ കാതോലിക്കാസനം പൂർണമായി പുനഃരുദ്ധരിപ്പിച്ചു് ബസേലിയോസ് പൗലോസ് ഒന്നാമനെ മലങ്കരയിലെ ഒന്നാമത്തെ പൗരസ്ത്യ കാതോലിക്കോസായി വാഴിയ്ക്കുന്നതിന് നേതൃത്വം നല്കി . തിരികെ മർദീനിലെത്തിയ അബ്ദുൽ മിശിഹാ രണ്ടാമൻ പാത്രിയർക്കീസിനു് പാത്രിയർക്കാ അധികാരമെല്ലാം തിരികെ ലഭിയ്ക്കുകയും 1915 ഓഗസ്റ്റ് 15-ആം തീയതി കാലം ചെയ്യുന്നതുവരെ പരിശുദ്ധ പത്രോസിന്റെ സിംഹാസനത്തിൽ വാണരുളുകയും ചെയ്തു. എതിർ പാത്രിയർക്കീസ് അബ്ദുല്ല രണ്ടാമൻ മർദീനിൽ പ്രവേശിയ്ക്കാൻ പറ്റാത്തതിനാൽ ഊർശലേമിൽ തുടരുകയും കാഴ്ച നഷ്ടപ്പെട്ട് യാതനകളനുഭവിച്ചു് കാലം ചെയ്യുകയും ചെയ്തു. അബ്ദുൽ മിശിഹാ രണ്ടാമൻ പാത്രിയർക്കീസിന്റെ അധികാരപത്രം (ഫർമാൻ) റദ്ദാക്കിയ ഓട്ടോമൻ തുർക്കിയുടെ ഹമീദ് സുൽത്താൻ നേരത്തെതന്നെ വധിക്കപ്പെട്ടിരുന്നു. അബ്ദുൽ മിശിഹാ രണ്ടാമൻ റിപ്പബ്ലിക്കൻവാദികളായ പ്രതിപക്ഷത്തെ സഹായിച്ചുവെന്നു ബോദ്ധ്യപ്പെടുത്തിയാണ് വിമതർ സുൽത്താനെ സ്വാധീനിച്ചത്. അബ്ദുല്ലാ പാത്രിയർക്കീസും അദ്ദേഹത്തിന്റെ പിൻഗാമികളുമായ അന്ത്യോക്യാനേതൃത്വവും മലങ്കര നേതൃത്വവും തമ്മിൽ 1911—1929 കാലത്തും1934 —1958 കാലത്തും മലങ്കരയിൽ അധികാരമൽസരം നടന്നു.
സഭാസമാധാനം
1958-ൽ പൗരസ്ത്യ കാതോലിക്കോസും അന്ത്യോക്യാ പാത്രിയർക്കീസും പരസ്പരം അംഗീകരിച്ചു. 1965-ൽ നടന്ന ഓറിയന്റൽ ഓർത്തഡോക്സ് സഭയുടെ ആഡീസ് അബാബ സുന്നഹദോസിൽ പൗരസ്ത്യ കാതോലിക്കോസും അന്ത്യോക്യാ പാത്രിയർക്കീസും പങ്കെടുത്തു. 1964-ൽ അന്ത്യോക്യാ പാത്രിയർക്കീസ് ആവശ്യപ്പെട്ടതുപ്രകാരം പൗരസ്ത്യ എപ്പിസ്കോപ്പൽ സുന്നഹദോസ് ഓർത്തഡോക്സ് പൗരസ്ത്യ സഭയുടെ ഭുമിശാസ്ത്രപരമായ അധികാരാതിർത്തി പുതുക്കി നിശ്ചയിച്ചു. അന്ത്യോക്യാ പാത്രിയർക്കീസും പൗരസ്ത്യ കാതോലിക്കോസും തമ്മിൽ1971-ൽ വീണ്ടും ആരംഭിച്ച അധികാരതർക്കത്തിൽ അന്ത്യോക്യാ പാത്രിയർക്കീസ് യാക്കൂബ് തൃതീയൻ തന്റെ കീഴിൽ 1975-ൽ ഒരു എതിർ പൗരസ്ത്യ കാതോലിക്കോസിനെ ബസേലിയോസ് പൗലോസ് രണ്ടാമനെന്ന പേരിൽ നിയമിച്ചു (ബസേലിയോസ് പൗലോസ് ഒന്നാമൻ 1912-ൽ നിയമിതനായ പൗരസ്ത്യ കാതോലിക്കോസായിരുന്നു). ഈ തർക്കത്തിനു് തീർപ്പുണ്ടായത് ഭാരത സുപ്രീം കോടതി 1995-ൽ വിധി കല്പിച്ചു് 2002-ൽ നടപ്പിൽവരുത്തിയതോടെയാണു്. മലങ്കരസഭയിലെ അന്ത്യോക്യാ പാത്രിയർക്കീസ് കക്ഷിയിലെ ഒരു വിഭാഗം സുപ്രീം കോടതി തീർപ്പിനോടു് യോജിച്ചു് ഐക്യ മലങ്കര സഭയിൽതുടർന്നപ്പോൾ സുപ്രീം കോടതി തീർപ്പിനോടു് വിയോജിച്ച വിഭാഗം 2002 ജുലൈ 6-നു് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയെന്ന പേരിൽ പുതിയ സഭാഘടകം രൂപവൽക്കരിച്ചു് അന്ത്യോക്യാ സുറിയാനി ഓർത്തഡോക്സ് സഭയുടെ അതിരൂപതയായിമാറി. ഈ അതിരൂപതയുടെ അദ്ധ്യക്ഷനു് അന്ത്യോക്യാ പാത്രിയർക്കീസിന്റെ കീഴിൽ കാതോലിക്കോസ് എന്ന സ്ഥാനികനാമം അനുവദിച്ചെങ്കിലും അദ്ദേഹത്തിന്റെ നിയമനം 1975-ൽ അന്ത്യോക്യാ പാത്രിയർക്കീസ് കക്ഷി വാഴിച്ച സമാന്തര പൗരസ്ത്യ കാതോലിക്കോസ് ബസേലിയോസ് പൗലോസ് രണ്ടാമന്റെ പിൻഗാമിയായിട്ടായിരുന്നില്ല.2004 സെപ്തംബറിൽ അന്ത്യോക്യാ പാത്രിയർക്കീസ് പരിശുദ്ധ ഇഗ്നാത്തിയോസ് സാഖാ പ്രഥമൻ പാത്രിയാർക്കീസ് ബാവയുടെ അദ്ധ്യക്ഷതയിൽ കേരളത്തിലെ മുളന്തുരുത്തിയിൽ കൂടിയ എപ്പിസ്കോപ്പൽ സുന്നഹദോസ് ഓർത്തഡോക്സ് സുറിയാനിസഭയുടെ വിഭാഗം എന്ന നിലയിൽ പൗരസ്ത്യ കാതോലിക്കോസിന്റെ അദ്ധ്യക്ഷതയിലുള്ള ഓർത്തഡോക്സ് പൗരസ്ത്യസഭയുമായുള്ള ബന്ധം വിച്ഛേദിച്ചതായി പ്രഖ്യാപിച്ചുകൊണ്ടു് പൗരസ്ത്യ കാതോലിക്കോസിന്റെ ഭുമിശാസ്ത്രപരമായ അധികാരാതിർത്തിയിൽ അന്ത്യോക്യാ പാത്രിയർക്കീസിന്റെ കീഴിലുള്ള ഭദ്രാസനങ്ങൾ ഉറപ്പിയ്ക്കുന്നതിനു് തീരുമാനിച്ചു. 2004 ഒക്റ്റോബറിൽ അലക്സാന്ത്രിയൻ മാർപാപ്പയോടും ആർമീനിയൻ കിലിക്യാ കാതോലിക്കോസിനോടുമൊപ്പം ചെയ്ത സംയുക്ത പ്രസ്താവനയിൽ അന്ത്യോക്യാ പാത്രിയർക്കീസ് പരിശുദ്ധ ഇഗ്നാത്തിയോസ് സാഖാ പ്രഥമൻ പാത്രിയാർക്കീസ് ബാവ ഓറിയന്റൽ ഓർത്തഡോക്സ് സഭയിലെ അംഗ സഭകളിലൊന്നായി പൗരസ്ത്യ കാതോലിക്കോസിന്റെ അദ്ധ്യക്ഷതയിലുള്ള ഓർത്തഡോക്സ് പൗരസ്ത്യസഭയെ ഇന്ത്യൻ ഓർത്തഡോക്സ് സഭയെന്ന പേരിൽ അംഗീകരിയ്ക്കുവാൻ സമ്മതിച്ചു. 2005 ജനുവരിയിൽ അംഗ സഭകളുടെ പ്രതിനിധികളടങ്ങിയ ഓറിയന്റൽ ഓർത്തഡോക്സ് കൺസൾട്ടേറ്റീവ് കമ്മറ്റി നിലവിൽ വന്നു. 1965-ലെ ആഡീസ് അബാബ സുന്നഹദോസ് മുതൽ നിലനിന്ന ഓറിയന്റൽ ഓർത്തഡോക്സ് സ്ഥിരം സമിതി 1975-ൽ പൗരസ്ത്യ കാതോലിക്കോസിനെ അന്ത്യോക്യാ പാത്രിയർക്കീസ് മുടക്കി എതിർ പൗരസ്ത്യ കാതോലിക്കോസിനെ നിീയമിച്ചതിനു ശേഷം നിലച്ചിരിയ്ക്കുകയായിരുന്നു.