Secondary menu

പ്രാര്‍ത്ഥനയോടെ അമ്പതു നോമ്പിലേക്ക്

കര്‍ത്താവിന്റെ കഷ്ടാനുഭവത്തിന്റെ സ്മരണയുടെ ഒരുക്കമായി കൈക്കൊള്ളുന്ന അമ്പതു നോമ്പ് അഥവാ വലിയ നോമ്പ് സഭയിലെ എറ്റവും പ്രാധാന്യമേറിയ നോമ്പാണ്. അമ്പതു നോമ്പ് അനുഷ്ടിക്കുന്നത് ക്രിസ്തുവിന്റെ കഷ്ടാനുഭവത്തെക്കുറിച്ച് പ്രാര്‍ത്ഥിക്കാനും, ആ പീഡാനുഭവത്തിലേക്ക് താദ്ദാത്മ്യപ്പെടാനും, ജീവിതത്തില്‍ നേരിടുന്ന വൈഷമ്യങ്ങളെ ധൈര്യപൂര്‍വ്വം നേരിടാനും, ത്യാഗങ്ങള്‍ സഹിക്കാനും സര്‍വ്വോപരി ജീവിതത്തില്‍ ദൈവിക സാന്നിധ്യം രൂപപ്പെടുത്താനുമാണ്.

ഈ നോമ്പു ദിനങ്ങളില്‍ വിശ്വാസികളായ നാം എങ്ങനെയാണ്‌ ജീവിക്കേണ്‌ടതെന്നും പരിക്ഷണങ്ങളെ എങ്ങനെയാണ്‌ അതിജീവിക്കേണ്‌ടതെന്നും കര്‍ത്താവ്‌ തന്നെ നമ്മെ കാണിച്ചു തന്നിട്ടുണ്ട്. നാല്പതു നാളിലെ  ഉപവാസ പ്രാര്‍ത്ഥനകളിലൂടെ യിലൂടെ പിശാചിന്റെ പ്രലോഭനങ്ങളെ അതിജീവിക്കാനുള്ള ശക്തി കര്‍ത്താവ്‌ നേടുന്നതായി നാം സുവിശേഷങ്ങളില്‍ കാണുന്നുണ്ട്. ''ഞങ്ങളോടു തെറ്റു ചെയ്യുന്നവരോടു ഞങ്ങള്‍ ക്ഷമിക്കുന്നതു പോലെ ഞങ്ങളുടെ തെറ്റുകളും ഞങ്ങളോടും ക്ഷമിക്കേണമേ.." കര്‍ത്താവ് നമ്മെ പഠിപ്പിച്ച പ്രാര്‍ഥനയാണിത്. സ്വര്‍ഗസ്ഥനായ പിതാവിനോടുള്ള പ്രാര്‍ഥന. ചെയ്തു പോയ തെറ്റുകള്‍ക്കു ക്ഷമ ചോദിച്ചു സര്‍വശക്തനായ ദൈവത്തോടു പ്രാര്‍ഥിക്കുവാന്‍ കര്‍ത്താവ് നമ്മേ പഠിപ്പിച്ചു. ചെയ്തു പോയ തെറ്റുകളെ ഒാര്‍ത്തു പശ്ചാത്താപിക്കാനും ദൈവത്തിലേക്കു തിരിച്ചു പോകാനുമുള്ള അവസരമാണ് നോമ്പുകാലം. മാനസാന്തരത്തിന്റെയും അനുതാപത്തിന്റെയും കാലം. മോശ കല്പ്പനകളെ സമ്പാദിച്ചതും ഏലിയ ഉയരങ്ങളിലേക്ക് കരേറിയതും, നിനവ രക്ഷപ്പെട്ടതുമെല്ലാം ഉപവാസത്തിന്റെയും പാര്ത്ഥനയുടെയും ശക്തിയുടെയും ഉത്തമ ദ്രിഷ്ടാന്തങ്ങള്‍ ആണ്. ശാരീരികമായും മാനസികമായും ഉപവസിക്കണമെന്നാണ് വി. വേദപുസ്തകം നമ്മെ പഠിപ്പിക്കുന്നത്‌ . ഈ അമ്പതു ദിവസങ്ങളില്‍ ചില നിയന്ത്രണങ്ങള്‍ വേണമെന്ന് സഭ നിഷ്കര്‍ഷിക്കുന്നു. ഭക്ഷണങ്ങളില്‍ ചില ചിട്ടക ള്‍വേണമെന്ന്.അതായത് മാംസാഹാരങ്ങള്‍ പൂര്‍ണ്ണമായും വര്‍ജ്ജിക്കുക, പാലും ഉപേക്ഷിക്കാനാവുമെങ്കില്‍ അതും. പ്രാര്‍ത്ഥനകളില്‍ കുറെകൂടി നേരം ചിലവഴിക്കുക. ചിട്ടപ്പെടുത്തിയ പ്രത്യേക പ്രാര്‍ത്ഥനകളും നമസ്കാരങ്ങളും പാലിക്കുക. ദുശ്ശീലങ്ങളില്‍ നിന്ന് , ദുര്‍മോഹങ്ങളില്‍ നിന്ന്,ദുശ്ചിന്തകളില്‍ നിന്ന്, തെറ്റായ വഴികളില്‍ നിന്ന് പിന്തിരിയുക.തുടങ്ങിയവ. ബാഹ്യമായ ഈ നോമ്പാചരണങ്ങള്‍ നമ്മുടെ ഹൃദയത്തെ തൊടാതെ കടന്നു പോകാന്‍ നാം അനുവദിക്കരുത്. പ്രലോഭനങ്ങള്‍ മുന്‍കാലങ്ങളെക്കാള്‍ കൂടുതലായി നമ്മെ സ്വാധീനിക്കുന്ന ഈക്കാലത്ത് കാപട്യങ്ങളെ കൊണ്ട് യാഥാര്‍ത്ഥ്യങ്ങളെ മറച്ചു പിടിക്കാതെ, ഹൃദയങ്ങളെ കാണുന്ന ദൈവത്തിന്റെ മുന്‍പില്‍ എന്ന തിരിച്ചറിവോട് കൂടി നോമ്പിന്റെ യഥാര്‍ത്ഥ അനുഭവത്തില്ലേക്ക് കടന്നു വരാന്‍ നമ്മുക്ക് കഴിയണം.

പരസ്പര വിട്ടുവീഴ്ച്ചയിലൂടെയും ക്ഷമയിലൂടെയും ബന്ധങ്ങള്‍ ഈടുറ്റതാക്കാനും ഉപവാസത്തിലൂടെയും പശ്ചാത്താപത്തിലൂടെയും പ്രാര്‍ത്ഥനയിലൂടെയും ജീവിതവിശുദ്ധി നേടാനും നമുക്ക് കഴിയണം. ഈ വര്‍ ഷത്തെ വലിയ നോമ്പാചരണം അനുഗ്രഹത്തിനു പാത്രമായിതീരുവാനും അനുതാപത്തിന്റെ കണ്ണീരുകൊണ്‌ട്‌ പാപപരിഹാരം ലഭിക്കാനും വിശുദ്ധി നേടുവാനും നമ്മെ പ്രാപ്തര്‍ ആക്കി തീര്‍ക്കട്ടെ എന്ന് നമുക്ക് പ്രാര്‍ഥിക്കാം .

Copyright St.Stephens Orthodox Christian Youth Movement 2011-2016