Secondary menu

മഹിമയോടക്കബറീന്നും

ഷാജി വി മാത്യു പത്തിച്ചിറ
ദൈവവുമായി വ്യക്തിപരമായ ബന്ധം സ്ഥാപിക്കുവാന്‍ ഏറ്റവും അനുയോജ്യമായ സമയമാണു പരിശുദ്ധ  നോമ്പ്കാലം. ഓരോ ജാഗരണങ്ങളും ഈ ബന്ധം സുദൃഡമാക്കുന്നു. പ്രതിസന്ധികളില്‍ ഇടരുവാന്‍ ഇടതരാത്ത ഒരു ദൈവം കര്‍മ്മമണ്ഡലത്തെ  ഫലപ്രദമാക്കുന്ന ഒരു യാഹ്. ശത്രുവിനെ നിഷ്പ്രഭനാക്കുന്ന ഒരു വിജയക്കൊടി. "യഹോവാ നിസ്സി" സ്വയം സമര്‍പ്പണത്തില്‍ ഇവ നമുക്ക് പ്രാപ്യമാവുകയാണ്.  ക്രൂശിന്റെ ചുവട്ടിലേക്ക് ചുവടുകള്‍ മാത്രം ബാക്കി, അനുതപ്പിക്കുവാന്‍ ഇനി സമയം ഇല്ലല്ലോ, കഴിഞ്ഞു പോയതിനെ ഓര്‍ത്തു ദുഖിക്കുവാന്‍ ഇട വരാതെ ഇന്ന് തന്നെ പ്രാര്‍ത്ഥനകളില്‍ ശരണം പ്രാപിക്കുക. 40 ദിവസത്തെ നോമ്പ് കൊണ്ട് വിജയം വരിച്ച മോശയും ഹാനനിയ സഹോദരങ്ങളും നേടിയ ആത്മ ധൈര്യം, യേശു ക്രിസ്തു ആര്‍ജ്ജിച്ച ആത്മികധൈര്യം- നമുക്കും ലഭിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാം

ഹാശാ ആഴ്ച ശുശ്രൂഷകള്‍ ഏറ്റവും അനുഗ്രഹപ്രദം ആകുന്നത് നാം ആരാധനയുടെ ഭാഗമായി ത്തീരുമ്പോഴാണ്. സഹോദരങ്ങളോടൊപ്പം തോളുരുമി നിന്ന് കുമ്പിട്ടു നമസ്കരിക്കണം. ക്രൂശിലെ ത്യാഗം ഇതാണ്. ഇത് നാം അനുവര്ത്തിക്കണം. പിന്തിരിഞ്ഞു നോക്കുമ്പോള്‍ കഴിഞ്ഞ കാല ജീവിതത്തെ നടത്തിയ ദൈവത്തിന്റെ കരങ്ങള്‍ എത്ര ശക്തമെന്നു, നാം അറിയാതെ തന്നെ മനസ്സ് മന്ത്രിച്ചു പോകുന്നു. വ്രത ശുദ്ധിയുടെ ഒരു ശുദ്ധീകരണത്തിലൂടെ നാം കടന്നു പോകുന്നു. മനസ്സും ശരീരവും അനുതപിക്കുന്നു, കരയുന്നു. ശുദ്ധീകരിക്കുന്നു.

ശുബുക്കൊനോയുടെ ശുശ്രൂഷ ഓരോ നിമിഷവും നമ്മില്‍ ഉണ്ടാകേണ്ടതാണ്. എന്നാല്‍ നോമ്പ് കാലത്ത് ഈ നിരപ്പിന് വിലയേറുന്നു. രാത്രികാലങ്ങളിലെ ജാഗരനങ്ങളിലേക്ക് മനസ്സ് ആഴ്ന്നിറങ്ങണമെങ്കില്‍, മധ്യാഹ്നങ്ങളിലെ കുമ്പിടീലുകള്‍ സര്‍വാംഗപ്രണാമം ആകണമെങ്കില്‍, സന്ധ്യയിലെ യാഗങ്ങള്‍ പാപ പരിഹാര ക്രിയകള്‍ ആകണമെങ്കില്‍, സഹോദരനോട് സ്നേഹത്തില്‍ കവിയുന്ന വാല്‍സല്യം അല്ലാതെ മറ്റൊന്നും മനസ്സില്‍ ഉണ്ടാകരുത്. നമ്മുക്ക് മുന്നില്‍ കാണുന്നത് കാല്‍വരിയിലെ ബലിപീഠമാണ്. അവിടേക്ക് നടന്നു കയറുവാന്‍ കാല്‍ചുവടു വയ്ക്കുന്നതിനു മുന്‍പ് കയ്യിലെ കാഴ്ച വസ്തു നെഞ്ചോട്‌ ചേര്‍ത്ത് വച്ച് ഒന്ന് ആലോചിക്കുക- ആര്‍ക്കെങ്കിലും നമ്മോട് വിരോധം ഉണ്ട് ഏന് തോന്നുന്നുവോ, എങ്കില്‍ നമുക്ക് ഒന്ന് തിരിഞ്ഞു നടക്കാം നാം നടക്കുമ്പോള്‍ ദൂരം കുറഞ്ഞു വരുന്നതായി നമുക്ക് തോന്നുന്നുവെങ്കില്‍ അവിടെ ശുബുക്കൊനോയുടെ ആരംഭം ആയി.നാം അറിയാതെ നമ്മുടെ മിഴികളില്‍ ഉതിരുന്ന കണ്ണുനീര്‍ സകല പാപവും നമ്മോട് പൊറുക്കുന്ന പുണ്യതീര്‍ത്ഥം ആണ്.ഇനിയും തിരികെ നടക്കാം നിഷ്ടയില്ലാത്ത ജീവിതത്തിലൂടെ നാം നഷ്ടപ്പെടുത്തിയ ആത്മിക സത്യങ്ങളിലേക്ക്, മൂല്യങ്ങളിലേക്ക്. ഈ തിരിച്ചു പോക്ക് ഇന്നിന്റെ ആവശ്യമല്ല പ്രത്യുത അത്യാവശ്യമാണ്.

വെടിയുന്ന ഭക്ഷണത്തിന്റെ മൂല്യം ലൌകിക സമ്പാദ്യമാക്കാന്‍ തുനിയാതെ സ്വര്‍ഗീയ സമ്പാദ്യമാക്കുവാന്‍ ശ്രമിക്കണം. ഇങ്ങനെ സ്വരൂപിക്കുന്ന സമ്പാദ്യം അശരണര്‍ക്ക് ആയി നല്‍കണം. പ്രാര്‍ത്ഥിക്കാത്തവര്‍, കുമ്പിടാത്തവര്‍, ദാനം നല്‍കാത്തവര്‍- ഇങ്ങനെ ഉള്ളവര്‍ ആരും ഉണ്ടാകരുത്. നാം സ്വാംശീകരിച്ച നന്മകള്‍  ജീവിത ചര്യകളില്‍ ഒരിക്കലും കൈവിടാതെ സൂക്ഷിക്കുക നമ്മുടെ ഓരോരുത്തരുടെയും കടമ ആണ്. ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തു നമ്മോട് കൂടെ ഉണ്ടെന്ന ബോധം നമ്മെ സദാ ഭരിക്കണം. ഉയിര്‍പ്പ് പ്രത്യാശയാണ്, നിറവാണ്, പൂര്‍ണതയാണ്, അവിടെ നിരാശയില്ല, കുറവുകള്‍ ഇല്ല, ശൂന്യത ഇല്ല, തുറക്കപെട്ട കല്ലറയുടെ അനുഭവം നമ്മില്‍ ഉണ്ടാകണം.

ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവ് അതി രാവിലെ പ്രത്യക്ഷനാകുമ്പോള്‍ കാണുന്നത് കണ്ണീരില്‍ കുതിര്‍ന്ന കണ്ണുകളുമായി കാവലിരിക്കുന്ന മറിയയെ ആണ്, കര്‍ത്താവ് മരിച്ചു എന്നും കബരടക്കപ്പെട്ടുവെന്നും എല്ലാവരെയും പോലെ മറിയയും വിശ്വസിച്ചു, സംഭവങ്ങള്‍ക്ക് സാക്ഷിയാവുകയും ചെയ്തു. വേദന നിറഞ്ഞ ഹൃദയവുമായി വ്യാകുലപ്പെട്ടു  തലേന്ന് രാത്രിയില്‍ ഒരുക്കിയുണ്ടാക്കിയ സുഗന്ധവര്‍ഗകൂട്ടവും പരിമള തൈലവും വഹിച്ചു കൊണ്ട് യേശുവിന്റെ കല്ലറയ്ക്കല്‍ നാഥന് കാഴ്ചയുമായി മറിയ വന്നു. ബത്ത്ലെഹെമില്‍ പുല്‍ക്കൂട്ടില്‍ ജനിച്ച യേശുദേവന് അധികാരങ്ങളുടെ ചിഹ്നങ്ങളായി പൊന്നും മൂറും കുന്തിരിക്കവും ലഭിച്ചപ്പോള്‍, ഈ ലോകം വീണ്ടെടുക്കുവാന്‍ ജീവന്‍ തന്നവന് കൊടുക്കുവാന്‍ മറിയ ഉറക്കമിളച്ചു ഉണ്ടാക്കിയ സുഗന്ധവര്‍ഗത്തിന്റെയും പരിമള തൈലത്തിന്റെയും സുഗന്ധം ഇന്ന് നാമും അനുഭവിക്കുകയാണ്.

പാപം മറന്നു നമ്മെ ചേര്‍ത്ത് നിര്‍ത്തിയ യേശുവിനു നല്‍കുവാന്‍ ഇത്രയും ഒരുക്കുവാന്‍ നമുക്ക് സാധിക്കുന്നുണ്ടോ? ഈ കാഴ്ച സ്വീകരിക്കുവാന്‍ കര്‍ത്താവിനു എത്ര സന്തോഷം കാണും. പേര് ചൊല്ലി വിളിക്കുന്ന സ്നേഹം - അതാണ്‌ യേശുക്രിസ്തു."ഇടയന്‍ തന്റെ ആടുകളെ പേര് ചൊല്ലി വിളിക്കുന്നു" എന്നാ തന്റെ പഠിപ്പിക്കലുകള്‍ ഇവിടെ യാഥാര്‍ത്യമാക്കുക ആണല്ലോ. അവന്‍ പേര്‍ ചൊല്ലി വിളിക്കുവാന്‍ തക്കവണ്ണം ഒരു ആത്മീയ ബന്ധം വളര്‍ത്തുവാന്‍ നമുക്ക് സാധിക്കുന്നുണ്ടോ എന്നതായിരിക്കട്ടെ ഈ നോമ്പ് കാലത്തെ നമ്മുടെ ചിന്ത.

ശിഥിലമാക്കപ്പെട്ട ബന്ധങ്ങള്‍ ദ്രിഡവല്ക്കരിച്ചു കൊണ്ട്, വിലാപ കീര്‍ത്തനങ്ങള്‍ സന്തോഷ ഗീതങ്ങള്‍ ആക്കി കൊണ്ട്, നഷടപെട്ടതിനെ വീണ്ടെടുത്ത്‌ നല്‍കികൊണ്ട്, പേര്‍ ചൊല്ലി വിളിച്ചു ചേര്‍ക്കുന്ന പുനരുത്ഥാനത്തിന്റെ മഹാസന്തോഷം. നിസാര ജീവിയെ വാഹനമാക്കിയ മഹാരാജന്റെ ഓശാനയില്‍ ചേരുകയും കഴിഞ്ഞകാല ജീവിതത്തിലെ പാപ മാലിന്യങ്ങള്‍ പെസഹയിലൂടെ മോചിച്ചു എന്ന് വിശ്വസിക്കുകയും, താഴ്മയുടെ ശുശ്രൂഷയിലൂടെ ദാസ്യത്തിന്റെ ഭാവം നല്‍കുകയും,  പീഡാനുഭവത്തിന്റെ തീവ്രത നമ്മുടെ ഹൃദയങ്ങളില്‍ നാം സ്വീകരിക്കുകയും ചെയ്തെങ്കില്‍ ഈ വലിയ നോമ്പ് ധന്യതയുടേതു ആയിരുന്നു എന്ന് വിശ്വസിക്കുക. ഇതിലൂടെ നാം നേടുന്ന വേണമ ഹോവോറെ ദിനങ്ങളിലൂടെ നമ്മില്‍ പ്രതിഫലിക്കട്ടെ.

"മഹിമയോടക്കബറീന്നും മഹത്വത്തോടെ ഉയിര്‍ത്ത ക്രിസ്തു നമ്മെ നയിക്കട്ടെ."

Copyright St.Stephens Orthodox Christian Youth Movement 2011-2016