Secondary menu

ഈ മനുഷ്യന്‍ വാസ്തവത്തില്‍ നീതിമാന്‍ ആയിരുന്നു.(ധ്യാനം)

ഷാജി വി മാത്യു പത്തിച്ചിറ
യേശുവിനെ ക്രൂശിച്ച പടക്കൂട്ടത്തിലെ ശതാധിപന്റെ ആത്മഗതം വലിയ വിശ്വാസ പ്രഖ്യാപനമായി ഞങ്ങള്‍ കാണുന്നു. ആറാം മണി ആയപ്പോള്‍ സൂര്യന്‍ ഇരുണ്ടു  അന്ധകാരമായി, ദൈവമന്ദിരത്തിലെ തിരശീല നടുവേ ചിന്തി. ഈ അന്ധകാരവും തമസ്കരണവും കണ്ടു ഞങ്ങള്‍ ഭയപ്പെടുന്നു കര്‍ത്താവേ!. പക്ഷെ അപ്പോഴും നീ നീതിമാന്‍ ആണെന്ന് വിശ്വസിക്കുവാനും നിന്നെ ദൈവപുത്രനെന്നു വിളിച്ചു ഈ ലോകത്തിനു സാക്ഷിക്കുവാനും പലപ്പോഴും ഞങ്ങള്‍ക്ക് സാധിക്കുന്നില്ല. എന്നാല്‍ ഈ ശതാധിപന് ഇതിനു സാധിച്ചതായി ഞങ്ങള്‍ മനസിലാക്കുകയും ചെയ്യുന്നു.

പലതിനെയും തിരസ്കരിക്കുകയും, തമസ്കരിക്കുകയും, പുകമറ സൃഷ്ടിക്കുകയും ചെയ്യുന്ന ഈ ആധുനിക ലോകത്തില്‍ നിന്നെ ഉച്ചസ്ഥായിയില്‍ ഘോഷിക്കുവാന്‍ ഞങ്ങളെ സഹായിക്കേണമേ. വി. പത്രോസിന്റെ പ്രസംഗം പോലെ "യേശുവിനെ ദൈവം ഉയിര്ത്തെഴുനെല്‍പ്പിച്ചു, അതിനു ഞങ്ങള്‍ എല്ലാവരും സാക്ഷികള്‍ ആകുന്നു." അങ്ങനെ ഭയമില്ലാതെ ഇത് ഘോഷിക്കുവാന്‍ ഞങ്ങളെ സഹായിക്കേണമേ.

മരണത്തിന്റെ ഭീകരത അല്ല പുനരുത്ഥാനത്തിന്റെ അമര്‍ത്യത ഞങ്ങളെ നയിക്കേണമേ. മരണത്തിന്റെ ഉരുണ്ട കല്ലുകളാല്‍ മൂടപ്പെട്ട കല്ലറകളെക്കാള്‍ തുറന്ന കല്ലറകളായി ഞങ്ങള്‍ മാറേണമേ. ഭയചകിതരായി നിന്നെ മരിച്ചവരുടെ ഇടയില്‍ തിരയുന്നവരായി ആല്ല, നീ ഉയിര്‍ത്തു എന്ന് പറഞ്ഞപ്പോള്‍ വിശ്വസിക്കുന്നവരുടെ കൂട്ടത്തില്‍ ഞങ്ങളെ ചേര്‍ക്കേണമേ. നീ പ്രത്യക്ഷപ്പെടുന്ന ആവര്‍ത്തിച്ച അനുഭവങ്ങളില്‍ ഞങ്ങളെ പങ്കാളികള്‍ ആക്കേണമേ. അങ്ങനെ ആ ശതാതിപനെ പോലെ നീ വാസ്തവമായി നീതിമാനെന്നു അനുഭവത്തിലൂടെ സാക്ഷിക്കുവാന്‍ ഞങ്ങളെ സഹായിക്കേണമേ.

പ്രാര്‍ത്ഥന: നിന്നെ സാക്ഷിക്കുവാന്‍ ശതാധിപന് തിരിച്ചറിവ് നല്‍കിയ സ്വര്‍ഗീയ പിതാവേ, നിന്റെ ക്രൂശു മരണത്തിന്റെ തീവ്രതയും ഉയിര്ത്തെഴുന്നേല്പ്പിന്റെ മഹിമയും
മനസ്സിലാക്കുവാനും നീതിപൂര്‍വമായി ജീവിക്കുവാനും ഞങ്ങളെ സഹായിക്കേണമേ.നീ വാസ്തവമായി ഉയിര്‍ത്തെഴുന്നേറ്റു എന്ന് ലോകത്തിനു സാക്ഷിക്കുവാന്‍  മനോബലം നല്‍കേണമേ. ആമ്മേന്‍

Copyright St.Stephens Orthodox Christian Youth Movement 2011-2016